കാസർകോട് :യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ് നൽകി. വോട്ടര്‍മാര്‍ക്ക് പോളിങ് സ്‌റ്റേഷനില്‍ എത്തുന്നതിനായി സൗജന്യ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പ് പ്രസിദ്ധീകരിച്ചതിന് 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123(5) പ്രകാരമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫിസര്‍ സൂഫിയാന്‍ അഹമ്മദാണ് നോട്ടിസ് നല്‍കിയത്. വിഷയത്തില്‍ സ്ഥാനാര്‍ഥിയോട് 48 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യമായി വാഹനം ഏർപ്പെടുത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്‍റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്‍റെയും ലംഘനമാണെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു.
അതേസമയം മെട്ടമ്മല്‍ ജുമാമസ്‌ജിദില്‍ വിശ്വാസികളോട് ഒരു സ്ഥാനാര്‍ഥി വോട്ട് ചെയ്യാന്‍ പരസ്യ പ്രഖ്യാപനം നടത്തിയെന്ന പരാതിയില്‍ തൃക്കരിപ്പൂര്‍ എളമ്പച്ചി മെട്ടമ്മല്‍ ജുമാമസ്‌ജിദ് ഹാഫിസ് അയൂബ് ദാരിമിയ്ക്ക് സി വിജില്‍ ആപ്ലിക്കേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നോഡല്‍ ഓഫിസര്‍ സബ് കലക്‌ടര്‍ സൂഫിയാന്‍ അഹമ്മദ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തെരഞ്ഞെടുപ്പ് ആന്‍റി എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ഓഡിയോ ക്ലിപ് സഹിതം തെളിവ് ഹാജരാക്കിയിരുന്നു മത സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കുന്നത് നിയമ ലംഘനമാണ്.
പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കും :യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിൻ്റെ പേരിൽ പ്രവാസികളായ മലയാളികളോട് വാട്‌സ്‌ആപ്പ് ശബ്‌ദ സന്ദേശങ്ങളിലൂടെ കേരളത്തിലെ വിവിധ ലോക്‌സഭ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമെന്നും വിവരം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്നും വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കുമെന്നും ജില്ല കലക്‌ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്‍റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്‍റെയും ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.
ALSO READ : തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് അറുപതിനായിരത്തിലധികം പൊലീസുകാര്‍; 62 കമ്പനി കേന്ദ്രസേന; സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങളിങ്ങനെ - Kerala Polling Day Security