കോട്ടയം:മാസപ്പടി കേസിൽഎസ്‌എഫ്‌ഐഒ അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ്. കേസില്‍ ഇഡി അന്വേഷണം അനിവാര്യമാണ്. വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഷോൺ ജോർജ്. മാസപ്പടി കേസ് അന്വേഷണം ഇഴയുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടി കൂടിയാണ് കേന്ദ്ര ഏജന്‍സിയുടെ പുതിയ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.
SFIO അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. നടപടി വൈകിയാൽ ബിജെപി സിപിഎം അഡ്‌ജസ്റ്റ്‌മെന്‍റ് എന്നും, നടപടിയെടുത്താൽ രാഷ്ട്രീയപ്രേരിതമായ നടപടി എന്നും പറയുന്ന വിശേഷ അവസ്ഥയാണ് കേരളത്തിൽ എന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി (Shone George About ED Investigation).
മാസപ്പടി കേസിൽ ഇഡിയുടെയോ, സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജിയും നൽകിയിരുന്നു. ഇതിനിടെയാണ് പുതിയ നടപടികളിലേക്ക് ഇഡി കടന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊച്ചിയിലെ ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്‌തു. പൊലീസ് എഫ്ഐആറിന് തുല്യമാണ് ഇഡിയുടെ ഇസിഐആർ (Shone George About ED Investigation).