കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്ന് ജില്ല കലക്‌ടർ ലക്ഷ്‌മിപ്രിയ. ഇവരെ കണ്ടെത്തുന്നതിനായി റഡാർ ഉപയോഗിച്ച് തെരച്ചിൽ തുടരുമെന്നും കലക്‌ടർ പറഞ്ഞു. മണ്ണിടിച്ചിലിൽ പത്ത് പേരെ കാണാതായിട്ടുണ്ടെന്നും അതിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അവർ പറഞ്ഞു.
കർണാടക എൻഐടിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി പരിശോധിക്കുന്നതായും വാഹനം കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും കലക്‌ടർ വ്യക്തമാക്കി. എന്നാൽ അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് കാർവാർ എസ്‌പി നാരായൺ അറിയിച്ചു.
'രക്ഷാപ്രവർത്തനം കൃത്യം ആറുമണിക്ക് തന്നെ ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സംഭവ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ടെക്‌നിക്കൽ സഹായത്തിനായി ഒരാൾ കൂടി എത്തുന്നുണ്ട്. കർണാടക എൻഐടി യിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്. ഇതുപയോഗിച്ച് ലോറി മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടികൾ തുടങ്ങും' - കലക്‌ടർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.