കോഴിക്കോട് :പൗരാണിക ഭാരതീയ ശിൽപകല സങ്കേതങ്ങളിൽ നിന്നും ഊർജമുൾക്കൊണ്ടുകൊണ്ട് ശിൽപകല രംഗത്ത് പുത്തൻ സൗന്ദര്യ ശാസ്‌ത്രം രചിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്‌മയാണ് ശിൽപ മുദ്ര. കേരളീയ ചുമർചിത്രകല രീതിയും കർണാടകയിലെ ഹൊയ്‌സാല ശിൽപകല രീതിയും സമന്വയിപ്പിച്ച് കൊണ്ടുള്ള രചനാരീതി കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്‌ത ചിത്രകാരനും ശിൽപിയുമായ ഷാജി പൊയിൽക്കാവ് ഡയറക്‌ടറായി പ്രവർത്തിച്ചു വരുന്ന ശിൽപ മുദ്രയിൽ ഇരുപതിലധികം കലാകാരന്മാർ ജോലി ചെയ്‌തുവരുന്നു. കേരളത്തിനകത്തും പുറത്തുമായി അറുപത്തിയഞ്ചോളം ക്ഷേത്രങ്ങൾ, നാന്നൂറിലധികം വീടുകൾ, മുപ്പതോളം റിസോർട്ടുകൾ, പാർക്കുകൾ, നിരവധി സ്റ്റേജ് ഷോകൾ, നാടകം-സീരിയൽ-സിനിമകൾ, പരസ്യകലാരംഗം എന്നിവിടങ്ങളിൽ ശിൽപ മുദ്രയിലെ കലാകാരന്മാർ ഇതിനോടകം തങ്ങളുടെ രചന സൗന്ദര്യത്തിൻ്റെ നിറസാന്നിധ്യം അടയാളപ്പെടുത്തി കഴിഞ്ഞു.
20 വർഷങ്ങൾക്കു മുമ്പാണ് കേരളത്തിൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന അരയാൽ തറകളെ ശിൽപങ്ങളാൽ അലങ്കരിക്കുന്ന ഒരു പുതിയ രീതിയ്‌ക്ക് ശിൽപ മുദ്ര തുടക്കം കുറിച്ചത്. അതിൻ്റെ ചുവട് പിടിച്ച് കേരളത്തിനകത്തും പുറത്തുമായി നിരവധി അരയാൽത്തറകൾ ശിൽപങ്ങളാൽ കമനീയമായി മാറുകയുണ്ടായി. പുതിയൊരു കലാസംസ്‌കാരത്തിൻ്റെ തുടക്കമായിരുന്നു അത്.