തിരുവനന്തപുരം: പൗരത്വ പ്രശ്‌ന മുയര്‍ത്തി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെ ദിനം പ്രതി ആക്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ബില്ലിനെ പാര്‍ലമെന്‍റില്‍ ആദ്യമെതിര്‍ത്തത് താനാണ്. ഇന്ത്യയിലുടനീളം നടന്ന പൗരത്വ പ്രതിഷേധങ്ങളില്‍ താന്‍ പങ്കെടുത്തതു പോലെ മറ്റാരും പങ്കെടുത്തിട്ടില്ല.
കേരളത്തിലും ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉദ്ഘാടനം ചെയ്‌തതു താനാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇങ്ങനെ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമോ എന്ന് തെരഞ്ഞെടുപ്പ് പര്യടന തിരക്കിനിടെ ഇടിവി ഭാരതിനനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ ചോദിച്ചു.
തനിക്ക് തിരുവനന്തപുരത്തുകാരുടെ പിന്തുണയുണ്ട്. ആ ഒരു അത്മബന്ധത്തിന്‍റെ ഉറപ്പിലാണ് ഇത്തവണയും മത്സരിക്കുന്നത്. മാസത്തില്‍ 10 ദിവസവും തിരുവനന്തപുരം മണ്ഡലത്തില്‍ ചെലവഴിച്ച് പരമാവധി പരിപാടികളില്‍ താന്‍ പങ്കെടുക്കുന്നു. ഇക്കാര്യം തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് പരിശോധിച്ചാലറിയാമെന്നും തരൂര്‍ പറഞ്ഞു.
അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം:
- താങ്കള്‍ തലസ്ഥാനത്ത് വല്ലപ്പോഴും വന്നു പോകുന്ന എംപിയാണെന്ന എതിരാളികളുടെ ആരോപണത്തെ എങ്ങനെ കാണുന്നു?
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണവ. മാസത്തില്‍ 10 ദിവസം ഞാന്‍ നിര്‍ബന്ധമായും തിരുവനന്തപുരത്തുണ്ടാകും. പരമാവധി പരിപാടികളില്‍ പങ്കെടുക്കും. ഇതെല്ലാം എന്‍റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ആരോപണമുന്നയിക്കുന്നവര്‍ക്ക് അവിടെ പരിശോധിക്കാം.
- നാലാം മത്സരത്തിന് തിരുവനന്തപുരത്തിറങ്ങുന്ന താങ്കളുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമെന്താണ്?
(പുറത്തേക്ക് കൈ ചൂണ്ടി ജനങ്ങള്‍ കൈവീശി അഭിവാദ്യം ചെയ്യുന്നതു ചൂണ്ടിക്കാട്ടി) ദാ ഇതു കണ്ടില്ലേ. ജനങ്ങളുടെ സ്‌നേഹം, വിശ്വാസം, അവരുടെ പുഞ്ചിരി, അവരുടെ അഭിവാദ്യം ചെയ്യല്‍ ഇതെല്ലാം എന്‍റെ ആതമവിശ്വാസമുയര്‍ത്തുന്ന ഘടകങ്ങളാണ്. അവര്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഈ തെരഞ്ഞെടുപ്പിലും നല്‍കുമെന്നതിന് വേറെ തെളിവു വേണോ
- കേരളത്തിലെ 18 യുഡിഎഫ് എംപിമാര്‍ ലോക്‌സഭയില്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്‌തില്ലെന്നും പൗരത്വ നിയമം പോലുള്ള ബിജെപിയുടെ കരിനിയമങ്ങളെ എതിര്‍ത്തില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം?
പൗരത്വ പ്രക്ഷോഭത്തില്‍ ഞാന്‍ ഇന്ത്യയിലുടനീളം പങ്കെടുത്തതിന്‍റെ ഒരു ശതമാനം പ്രതിഷേധങ്ങളില്‍ പോലും മുഖ്യമന്ത്രി പങ്കെടുത്തിട്ടില്ല. പാര്‍ലമെന്‍റില്‍ ഈ ബില്ല് അവതരിപ്പിച്ചപ്പോള്‍ അത് ഭരണ ഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ആദ്യം ചാടിയെഴുന്നേറ്റത് ഞാനാണ്. ആഭ്യന്തരമന്ത്രി അമിത്ഷായും ഞാനുമായി ഇക്കാര്യത്തില്‍ നിരവധി തവണ പാര്‍മെന്‍റില്‍ ചര്‍ച്ചയ്ക്കിടെ വാക്കേറ്റമുണ്ടായി.