തിരുവനന്തപുരം : ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് പറഞ്ഞുനടക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവരുടെ ഉദ്ദേശ്യം എപ്പോഴും രാഷ്ട്രീയമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. അയോധ്യ പ്രതിഷ്‌ഠാ ചടങ്ങിനോടനുബന്ധിച്ച് നാളെ ആശുപത്രികൾ അടയ്ക്കും എന്നാണ് കേട്ടത്. സർക്കാരിന് ജനങ്ങളെക്കുറിച്ച് ചിന്ത വേണം.അങ്ങനെ ചെയ്യരുത് എന്നാണ് തന്‍റെ അഭ്യർത്ഥനയെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യാ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതാണ്. വിശ്വാസത്തിന് എല്ലാവർക്കും പൂർണ അധികാരമുണ്ട്. ഈ ചടങ്ങ് ഒരു രാഷ്ട്രീയ വേദി കൂടിയാണ്. അവസരം വരുമ്പോൾ താൻ പോകും. ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്.
വിശ്വാസങ്ങൾ സ്വകാര്യ വിഷയമാണ്. കോൺഗ്രസ് നിലപാടിനെക്കുറിച്ച് ആരും വിമർശനം ഉന്നയിച്ചതായി കേട്ടില്ല. വിശ്വാസത്തെക്കുറിച്ചോ ക്ഷേത്രത്തെക്കുറിച്ചോ ഒന്നും തന്നെ കോൺഗ്രസിന്‍റെ പ്രസ്‌താവനയിൽ ഇല്ല. ഉള്ളത് ഇതൊരു രാഷ്ട്രീയ ചടങ്ങാണ് എന്നതിനെക്കുറിച്ചാണ്. അയോധ്യാ ചടങ്ങ് കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അവസാന തീരുമാനം പാർട്ടിയുടേതാണ്. മറ്റൊന്നും പറയാനില്ല. ദേശസുരക്ഷയെക്കുറിച്ച് പറഞ്ഞാൽ ചൈനയെക്കുറിച്ച് ചോദ്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്ന് ശശി തരൂർ എംപി നേരത്തെ പറഞ്ഞിരുന്നു.
നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്‌ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു (Ayodhya Temple Consecration). ഹിന്ദുക്കൾ പ്രതിഷ്‌ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ തരൂർ കോൺഗ്രസിനുള്ളിൽ ഹിന്ദു വിശ്വാസികളുണ്ടെന്നും പറഞ്ഞു.
താൻ ഉൾപ്പടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല. ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയായിട്ടില്ല. പ്രതിഷ്‌ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 'പുരോഹിതരല്ല ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയാണ്. അതിൽ രാഷ്ട്രീയാർഥം കാണണം.
പുരോഹിതന്മാരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. പ്രധാനമന്ത്രി പുരോഹിതനല്ല. ഇത് തെരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ്' - തരൂർ പറഞ്ഞു. ഈ അവസരത്തിലല്ല പോകേണ്ടത്. ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നത്. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. ഞാനും ഹിന്ദുവാണ്. പണി പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.