എറണാകുളം : പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്നാം പ്രതി നിര്‍മ്മലകുമാരന്‍നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷത്തെ ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാം പ്രതി ഗ്രീഷ്‌മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്രീഷ്‌മയുടെ അപ്പീലില്‍ സർക്കാരിന് ഹൈക്കോടതി നോട്ടിസ് നൽകി. തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്‌ച പറ്റിയെന്നാണ് ഗ്രീഷ്‌മയുടെ പ്രധാന വാദം.
നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ല, വിഷം നല്‍കിയെന്ന് പറയപ്പെടുന്നത് തമിഴ്‌നാട്ടില്‍ വച്ചാണ്, ജ്യൂസില്‍ പാരസെറ്റമോള്‍ മിക്‌സ് ചെയ്‌തുവെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല, മതിയായ തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധി, പ്രോസിക്യൂഷന്‍ കേസിന് വിരുദ്ധമാണ് കേസിലെ വസ്‌തുതകള്‍.
ദുരാരോപണ പ്രചാരണമാണ് ഗ്രീഷ്‌മയ്‌ക്കെതിരെ ഉയര്‍ത്തിയത്. ഷാരോണിൻ്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ ചെന്നത് മൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല, ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശം ഗ്രീഷ്‌മയ്ക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് അപ്പീലിലെ വാദം.
ഗ്രീഷ്‌മയുടെ വിവാഹത്തിന് ഷാരോണ്‍ തടസമായിരുന്നുവെന്ന അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍ തെറ്റാണ്, ഗ്രീഷ്‌മയും അമ്മാവനുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന വാദം പ്രോസിക്യൂഷനില്ല, കേസിൻ്റെ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഷാരോണിന് കഷായം നല്‍കി എന്നതിന് സാഹചര്യ തെളിവുകളില്ല, വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്‌മ വാദിച്ചു.
Also Read:'ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറുടെ പല്ല് സിഐ അടിച്ചു പൊട്ടിച്ചു', ദൃശ്യങ്ങള്‍ പുറത്ത്, നീതി കിട്ടിയില്ലെന്ന് കുടുംബം