മുന്‍ ലേഖനത്തില്‍ മൂലാധാരചക്രം സ്ഥിതി ചെയ്യുന്ന സൂരി മുത്തപ്പന്‍ ക്ഷേത്രത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്‌തിരുന്നു. മൂലാധാര ചക്രം കഴിഞ്ഞാൽ അടുത്ത വിശിഷ്‌ട ചക്രം ആണ് സ്വാധിഷ്‌ഠാനം. കേരളത്തിലെ അച്ചൻകോവിൽ ക്ഷേത്രത്തിൽ ഈ ചക്രം സ്ഥിതിചെയ്യുന്നു പരശുരാമനാൽ പ്രതിഷ്‌ഠിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ഈ ശാസ്‌താ ക്ഷേത്രം.
കേരളത്തില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് ശാസ്‌താ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.
മണികണ്‌ഠ മുത്തിയൻ എന്നു തമിഴ് ഭാഷ്യം. സർപ്പദോഷം, സർപ്പവിഷം, വിഷബാധകൾ എന്നിവ അകറ്റുന്ന ക്ഷേത്രം. സർപ്പസൂക്തം എന്ന മന്ത്രത്താൽ സിദ്ധന്മാർ സർപ്പവിഷം ചികിത്സിച്ചിരുന്ന ക്ഷേത്രം. ഗൃഹസ്ഥാശ്രമിയായ ശാസ്‌താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. പൂർണ, പുഷ്കല എന്നീ ദേവിമാരും സത്യകൻ എന്ന മകനും അച്ചൻകോവിൽ ആണ്ടവരോടൊപ്പം ഇവിടെ കുടികൊള്ളുന്നു. 108 ശാസ്താക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആര്യങ്കാവ് ഗ്രാമത്തില്‍ അച്ചന്‍കോവിലാറിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വാധിഷ്‌ഠാന ചക്രസ്ഥിതനായ അച്ചൻകോവിൽ ശാസ്‌താവിനെ ദർശിച്ചാൽ ഏകാഗ്രതയും വിജയവും സൗന്ദര്യബോധവും സമഭാവനയും അതിന്‍റെ ഏറ്റവും സംശുദ്ധമായ രൂപത്തില്‍ അനുഭവിക്കാൻ സാധിക്കും എന്ന് വിശ്വാസം. ഈ ക്ഷേത്രപരിസരത്ത് സർപ്പദംശനം ഏറ്റ് ആരും മരിച്ചിട്ടില്ല എന്നാണ് ഐതിഹ്യം.
ശബരിമല അയ്യപ്പനെ ദര്‍ശിക്കും മുമ്പ് അയ്യപ്പന്‍മാര്‍ അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. ശബരിമല ദര്‍ശനത്തിന്‍റെ അതേ ഫലമാണ് അച്ചന്‍കോവില്‍ ദര്‍ശനത്തിനുമെന്ന് ഭക്തര്‍ കരുതുന്നു.
ഭഗവതി, മാളികപ്പുറത്തമ്മ, ദുര്‍ഗ, നാഗരാജാവ്, നാഗയക്ഷി, ഗണപതി, കാര്‍ത്തികേയന്‍, കറുപ്പു സാമി, കറുപ്പായി അമ്മ , ചെപ്പാണിമുണ്ടന്‍, ചപ്പാണി മാടന്‍, മാടന്‍ തേവന്‍, കാലമാടന്‍, കൊച്ചാട്ടി നാരായണന്‍, സിന്‍ഗാലി ഭൂതത്താന്‍,അറുകൊല തുടങ്ങിയ ഉപദേവതമാരും ക്ഷേത്രത്തില്‍ വാണരുളുന്നു. അത്താഴപൂജയ്ക്ക് ശേഷവും തുറന്നിരിക്കുന്ന അപൂര്‍വ ക്ഷേത്രമെന്ന പ്രത്യേകതയും അച്ചന്‍കോവിലിനുണ്ട്.
പാമ്പുകടിയേറ്റ് എത്തുന്നവര്‍ക്ക് ഏത് നിമിഷവും ക്ഷേത്രത്തിലെ മണി മുഴക്കാം. മണിയടി കേട്ടെത്തുന്ന മേല്‍ശാന്തി ഭഗവാന്‍റെ കയ്യില്‍ സമര്‍പ്പിച്ചിട്ടുള്ള ചന്ദനം ഭക്തന് നല്‍കുന്നു. ഏത് വിഷത്തെയും ഇല്ലാതാക്കാന്‍ ഇതിന് കഴിയുമത്രേ. ഒപ്പം ഭഗവാന്‍റെ കയ്യിലുള്ള കമണ്ഡലുവിലെ വെള്ളവും രോഗിക്ക് നല്‍കുന്നു. ഇതോടെ വിഷം ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു എന്നാണ് വിശ്വാസം. വിഷത്തിന്‍റെ കാഠിന്യം അനുസരിച്ച് രോഗിക്ക് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ക്ഷേത്രത്തില്‍ കഴിയേണ്ടി വരുന്നുണ്ട്.
ശബരിമലയിലേത് പോലെ തന്നെ മണ്ഡലപൂജയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. മലയാള മാസമായ ധനു ഒന്ന് മുതല്‍ പത്ത് വരെയാണ് എല്ലാ കൊല്ലവും ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം അരങ്ങേറുന്നത്.
മകരമാസത്തിലെ രേവതി നാളിലും ക്ഷേത്രത്തില്‍ മറ്റൊരു ഉത്സവം കൊണ്ടാടുന്നുണ്ട്. തേരോട്ടം നടത്തുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമെന്ന പ്രത്യേകതയും അച്ചന്‍കോവിലിനുണ്ട്. കറുപ്പനൂട്ടും കറുപ്പന്‍ തുള്ളലും ഈ ഉത്സവകാലത്തെ രണ്ട് പ്രധാന ആകര്‍ഷണങ്ങളാണ്. ക്ഷേത്രത്തിലെ ഉത്സവങ്ങളും ചടങ്ങുകളുമെല്ലാം തമിഴ് പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Also Read:ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ ആദ്യത്തേത്; പാപനാശം സൂരിമുത്തിയൻ ക്ഷേത്രത്തെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-3