കേരളം

kerala

ETV Bharat / state

റാമോജി ഫിലിം സിറ്റിയുടെ ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏക മലയാളി മാധ്യമ പ്രവര്‍ത്തകൻ; ശ്രദ്ധനേടി കുറിപ്പ് - veteran journalists memoir on Ramoji rao - VETERAN JOURNALISTS MEMOIR ON RAMOJI RAO

റാമോജി ഫിലിം സിറ്റിയുടെ ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതും റാമോജി റാവുമായി സൗഹൃദം പങ്കിടാന്‍ അവസരം ലഭിക്കുകയും ചെയ്‌ത മുതിര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍റെ അനുസ്‌മരണ കുറിപ്പ്

റാമോജി ഫിലിം സിറ്റി  റാമോജി റാവു  RAMOJI RAO DEMISE  AMOJI FILM CITY HYDERABAD
Ramoji Rao, Renji Kuriakose (Etv Bharat/Renji Kuriakose FB)

By ETV Bharat Kerala Team

Published : Jun 8, 2024, 8:03 PM IST

Updated : Jun 8, 2024, 9:11 PM IST

തിരുവനന്തപുരം :ആഗോള ഫിലിം സിറ്റികളുടെ അത്ഭുതമായ റാമോജി ഫിലിംസിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ 1996ല്‍ ഹൈദരാബാദിലെത്തുകയും അവിടെ വച്ച് റാമോജി റാവു എന്ന അതികായനെ നേരില്‍ക്കാണാന്‍ അവസരം ലഭിക്കുകയും ചെയ്‌ത അനുഭവം ഓർത്തെടുക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റെഞ്ചി കുര്യാക്കോസ്. ഉദ്ഘാടന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 15 മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു റെഞ്ചി കുര്യാക്കോസ്.

റാമോജി ഫിലിം സിറ്റി എന്ന ലോക വിസ്‌മയത്തെ കുറിച്ചും റാമോജി റാവുവുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചതുമായ അനുഭവം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയിരുക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് റെഞ്ചി റാമോജി റാവുവിനെ അനുസ്‌മരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

'രാമോജി ഫിലിം സിറ്റി എന്ന അദ്ഭുത ലോകം ചലച്ചിത്ര, മാധ്യമ രംഗത്തെ കുലപതി രാമോജി റാവു 1996ല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അത് നേരിട്ട് കാണാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പത്ര പ്രവര്‍ത്തകരെ അവിടേക്ക് ക്ഷണിച്ചിരുന്നു. അന്ന് കേരളത്തില്‍ നിന്ന് പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഏക മലയാളി പത്രപ്രവര്‍ത്തകന്‍ ഞാന്‍ ആയിരുന്നു എന്നതില്‍ ഇപ്പോഴും ഏറെ സന്തോഷം ഉണ്ട്. പതിനഞ്ചോളം പേര്‍ അടങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ അദ്ഭുത ലോകം ആണ് രാമോജി റാവു എന്ന മാന്ത്രികന്‍ ഒരുക്കി വച്ചിരുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ ഓരോരുത്തരെയും സ്വീകരിച്ചു ഫിലിം സിറ്റിയിലേക്ക് കൊണ്ടു പോയി. അവിടെയുള്ള പഞ്ച നക്ഷത്ര ഹോട്ടലില്‍ 4 ദിവസത്തെ താമസം. സ്റ്റുഡിയോ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയില്ലെങ്കിലും അതിനുള്ളിലെ നക്ഷത്ര ഹോട്ടലുകള്‍ എല്ലാം സജീവം ആയിരുന്നു.

1666 ഏക്കറില്‍ പടുത്തുയര്‍ത്തിയ രാമോജി ഫിലിം സ്റ്റുഡിയോ ലോകത്തെ ഏറ്റവും വലിയ സ്റ്റുഡിയോ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അമേരിക്കയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ വലിയൊരു സ്റ്റുഡിയോ എന്നതായിരുന്നു രാമോജി റാവുവിന്‍റെ സ്വപ്‌നം. അത് ആദ്യം നേരിട്ട് കണ്ട ഞങ്ങള്‍ ഞെട്ടിപ്പോയി. അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനും ചൈനയും എല്ലാം ഈ സ്റ്റുഡിയോയില്‍ സൃഷ്‌ടിച്ചിട്ടുണ്ട്.

രാജ്യാന്തര വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ട്രെയിനും വിമാനവും എല്ലാം ഉണ്ട്. നൈസാമിന്‍റെ യുദ്ധ ഭൂമിയില്‍ ഒരുപാട് പേരുടെ രക്തം വീണ മണ്ണില്‍ ആണ് സ്റ്റുഡിയോ നിര്‍മിച്ചിരിക്കുന്നത്. യുദ്ധത്തില്‍ രക്ത സാക്ഷികള്‍ ആയ വീര യോദ്ധാക്കളുടെ ആത്മാക്കള്‍ അവിടെ ചുറ്റിത്തിരിയുന്നുണ്ട് എന്നാണ് ചിലരുടെ വിശ്വാസം.

'ബാഹുബലി' പോലുള്ള വമ്പന്‍ സിനിമകള്‍ പിറന്നത് അവിടെയാണ്. ഞങ്ങള്‍ സ്റ്റുഡിയോയില്‍ എത്തിയിട്ടും ആദ്യ ദിവസങ്ങളില്‍ രാമോജി റാവുവിനെ കാണാന്‍ സാധിച്ചില്ല. 'മയൂരി' ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നിര്‍മിക്കുകയും 'ഈ നാട്' ഉള്‍പ്പെടെയുള്ള പത്ര ശൃംഖലയ്‌ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അദ്ദേഹത്തെ നേരിട്ട് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഹൈദരാബാദില്‍ നിന്ന് മടങ്ങും മുന്‍പ് അതിന് കഴിയുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു.

എന്നാല്‍ നാലാം ദിവസം വൈകുന്നേരം ഞങ്ങള്‍ ഹോട്ടല്‍ ലോബിയില്‍ നില്‍ക്കുമ്പോള്‍ ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്ന് വെള്ള ഷര്‍ട്ടും പാന്‍റ്‌സും ധരിച്ച ഒരാള്‍ പുറത്തിറങ്ങി. സാക്ഷാല്‍ രാമോജി റാവു....ക്ഷണം സ്വീകരിച്ച് വന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഒപ്പം അത്താഴം കഴിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു റസ്റ്റോറന്‍റിലേക്ക് കൊണ്ടു പോയി.

പണത്തിന്‍റെയോ പ്രതാപത്തിന്‍റെയോ തലക്കനം ഇല്ലാത്ത മനുഷ്യന്‍. എന്നാല്‍ സ്വന്തം ബിസിനസിന്‍റെ കാര്യത്തില്‍ അങ്ങേയറ്റം കൂര്‍മ ബുദ്ധി. ഭക്ഷണത്തിന് ഇടയില്‍ അദ്ദേഹം ഓരോരുത്തരുടെയും സമീപത്ത് എത്തി ഒപ്പം ഇരുന്നു സംസാരിച്ചു. ഞാനും സുഹൃത്തായ പത്രപ്രവര്‍ത്തകനും ഇരുന്ന ടേബിളിലേക്ക് അദ്ദേഹം എത്തിയപ്പോള്‍ ഞങ്ങള്‍ ആദരപൂര്‍വ്വം എഴുന്നേറ്റു വണങ്ങി. ഇരിക്കാന്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞ ശേഷം ഞങ്ങളെ പരിചയപ്പെട്ടു.

കേരളത്തിലെ പത്രങ്ങളെ കുറിച്ചും രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചു മനസിലാക്കി. അക്കാലത്ത് ഇവിടെ അധികം ചാനലുകള്‍ ഇല്ലാത്തതിനാല്‍ അച്ചടി മാധ്യമത്തെ കുറിച്ച് ആയിരുന്നു കൂടുതലും ചര്‍ച്ച. കേരളത്തിലെ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളെ കുറിച്ചും അവരെ അന്വേഷണം അറിയിക്കണം എന്നും പ്രത്യേകം പറഞ്ഞു.

രണ്ടു മണിക്കൂറോളം ഞങ്ങള്‍ക്ക് ഒപ്പം അദ്ദേഹം ചെലവഴിച്ചു... ഭക്ഷണം കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞു പോകുമ്പോഴും അദ്ദേഹം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ ഓര്‍മിപ്പിക്കാന്‍ മറന്നില്ല. മനോരമ സണ്‍ഡേ സപ്ലിമെന്‍റിലെ കവര്‍ സ്റ്റോറി ആയിരുന്നു രാമോജി ഫിലിം സിറ്റിയും അവിടത്തെ വിസ്‌മയ കാഴ്‌ചകളും....ദ വീക്കിലും വിശദമായ ഫീച്ചര്‍ എഴുതുകയുണ്ടായി. ഒരിക്കല്‍ എങ്കിലും രാമോജി ഫിലിം സിറ്റി സന്ദര്‍ശിച്ചവര്‍ക്ക് രാമോജി റാവു എന്ന മനുഷ്യന്‍റെ ദീര്‍ഘ വീക്ഷണവും മാഹാത്മ്യവും ബോധ്യപ്പെടും. ആ വലിയ മനുഷ്യന്‍റെ സ്‌മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.'

ALSO READ:'ഒരു യഥാർഥ ഇതിഹാസത്തെ നമുക്ക് നഷ്‌ടപ്പെട്ടു'; റാമോജി റാവുവിന്‍റെ നിര്യാണത്തിൽ പൃഥ്വിരാജ്

Last Updated : Jun 8, 2024, 9:11 PM IST

ABOUT THE AUTHOR

...view details