ന്യൂഡൽഹി: ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പട്ടികജാതി (എസ്‌സി) സമുദായത്തിന് സംവരണം ചെയ്‌ത ദേവികുളം സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് കാട്ടി കോൺഗ്രസ് നേതാവ് ഡി കുമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കിയത്. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ഡി കുമാർ.
ജസ്‌റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്‌സനുദ്ദീൻ അമാനുള്ള, അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. 2023 മാർച്ച് 20-ന് ആണ് കേരള ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്.
താന്‍ ഹിന്ദു പറയൻ സമുദായത്തിൽ പെട്ടയാളാണെന്നും ദേവികുളം തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഇത് തെളിയിക്കുന്നുവെന്നും രാജ കോടതിയില്‍ വാദിച്ചു. കുമാർ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടുള്ള എതിർപ്പ് റിട്ടേണിങ് ഓഫീസർ നിരസിച്ചതണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
തന്‍റെ മാതാപിതാക്കൾ ക്രിസ്‌തുമതം സ്വീകരിച്ചിട്ടില്ലെന്നും താൻ മാമോദീസ സ്വീകരിച്ചിട്ടില്ലെന്നും ഭാര്യ ഹിന്ദുവായിരുന്നുവെന്നും ഹിന്ദു ആചാര പ്രകാരാണ് തന്‍റെ വിവാഹം നടന്നതെന്നും എ രാജ കോടതിയില്‍ പറയുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും