കേരളം

kerala

ETV Bharat / state

'എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാനാകില്ല'; മുന്‍ എംഎല്‍എയുടെ മകന്‍റെ നിയമനം റദ്ദാക്കി സുപ്രീം കോടതി

2018ല്‍ മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

K K RAMACHANDRAN NAIR MLA  KERALA GOVERNMENT APPOINMENT  ആശ്രിത നിയമനം സുപ്രീംകോടതി  കെകെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ
Supreme Court of India (ETV Bharat)

By ETV Bharat Kerala Team

Published : Dec 2, 2024, 5:13 PM IST

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാനം നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന ആർ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്‌തിക സൃഷ്‌ടിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയറായാണ് നിയമിച്ചത്. അതേസമയം, പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത്, 2018ല്‍ മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആർ പ്രശാന്തിന് ജോലി നൽകിയത്. നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹെെക്കോടതി ഇത് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.

കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്‌തിക സൃഷ്‌ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിലും എംഎൽഎയുടെ മകന് ഇതിലൂടെ ആശ്രിത നിയമനം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌ത, സ്റ്റാന്‍റിങ് കൗണ്‍സല്‍ സികെ ശശി എന്നിവര്‍ ഹാജരായി. ആര്‍ പ്രശാന്തിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ വി ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹാജരായി. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ എ കാര്‍ത്തിക്കാണ് ഹാജരായത്.

Also Read:കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് ജാമ്യം

ABOUT THE AUTHOR

...view details