എറണാകുളം:യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്ന് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്കായി യെമനിലെത്തിയ അമ്മ പ്രേമകുമാരി കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കാണാനുള്ള ശ്രമം തുടരുകയാണ്. ഗോത്രത്തലവൻമാരെ കണ്ട് ചർച്ച നടത്തി ഇതുവഴി കുടുംബത്തെ കാണാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, ഗോത്രനതാക്കളുമായുള്ള കൂടിക്കാഴ്‌ച നടന്നിരുന്നില്ല. ഇതോടെയാണ് യെമൻ അഭിഭാഷകൻ വഴി കുടുംബവുമായി ചർച്ച നടത്താനുള്ള ശ്രമം തുടങ്ങിയത്.
അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകൾക്കായി 50 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാനാണ് തീരുമാനം. നിമിഷയുടെ അമ്മ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി ചർച്ച നടത്തുകയും അവർ മാപ്പ് നൽകുകയും ചെയ്‌താൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകി അവരുടെ അനുമതിയോടെയും ജയിൽ മോചനം സാധ്യമാവും.
കൊലപാതക കേസിൽ യെമൻ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിൻ്റെ നിലപാടാണ് നിർണായകമാവുക. മോചന ശ്രമത്തിൻ്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങൾക്ക് കൈമാറാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
നിമിഷപ്രിയയെ അമ്മ പ്രേമകുമാരി പതിനൊന്ന് വർഷത്തിന് ശേഷം യെമനിലെ ജയിലിലെത്തി നേരിൽ കണ്ടിരുന്നു. യെമനിലെ സൻആയിലെ ജയിലെത്തിയായിരുന്നു കണ്ടത്. നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് പ്രേമകുമാരിക്ക് മകളെ കണാനായത്. ജയിലിനോട് ചേർന്ന പ്രത്യേക മുറിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ചയ്ക്ക് ജയിൽ അധികൃതർ അവസരമൊരുക്കിയത്. ഇരുവർക്കും പുറത്ത് നിന്നുള്ള ഭക്ഷണം നൽകാനും അനുമതി നൽകിയിരുന്നു.
യെമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ സുരക്ഷാ കാരണത്താൻ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യെമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് നിയമപോരാട്ടത്തിലൂടെയായിരുന്നു സ്വന്തം നിലയിൽ യെമനിലേക്ക് പോകാൻ നിമിഷയുടെ അമ്മയ്ക്കും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോമിനും കോടതി അനുമതി നൽകിയത്