എറണാകുളം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി മതനേതാക്കളുമായും ഗോത്ര തലവന്മാരുമായി ബന്ധപ്പെടാൻ ശ്രമം തുടരുകയാണെന്ന് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ ബന്ധുക്കളുമായി നിമിഷ പ്രിയക്ക് മാപ്പ് നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ അവിടത്തെ ഗോത്ര സംസ്‌കാര രീതികൾ അനുസരിച്ച് ചില നടപടിക്രമങ്ങളുണ്ട്.
അമ്മ പ്രേമകുമാരിയോടൊപ്പം യെമനിലുള്ള തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം ഈ കാര്യം അറിയിച്ചിരുന്നു. ജിബൂട്ടിയിലെ ഇന്ത്യൻ എംബസി ചുമതലപ്പെടുത്തിയ യെമൻ പൗരന്മാരും നേരത്തെ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. ആക്ഷൻ കൗൺസിൽ ഇത് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയുടെ വിസ കാലാവധി ദീർഘിപ്പിച്ച് കിട്ടാൻ എംബസി സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അറിയിച്ചു.
യെമെൻ അഭിഭാഷകനെ നിയോഗിക്കുന്നത് അടക്കമുള്ള പ്രാരംഭ ചെലവുകൾക്കായാണ് പണം സമാഹരിക്കാൻ സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചത്. സഹായ മനസ്‌കരായ പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാനാണ് തീരുമാനം. നിമിഷയുടെ അമ്മ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി ചർച്ച നടത്തുകയും അവർ മാപ്പ് നൽകുകയും ചെയ്‌താൽ വധശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയും.
കുടുംബത്തിന്‍റെ നിലപാട് നിർണായകം: കുടുംബത്തിന് നഷ്‌ട്ടപരിഹാരം നൽകി അവരുടെ അനുമതിയോടെയും ജയിൽ മോചനം സാധ്യെമാവും. കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് യെമൻ സുപ്രീം കോടതി വിധിച്ച കേസിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിന്‍റെ നിലപാടാണ് നിർണായകമാവുക. മോചനശ്രമത്തിൻ്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെൻ പൗരന്‍റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യെമങ്ങൾക്ക് കൈമാറാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
പതിനൊന്ന് വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്‌ച: നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പതിനൊന്ന് വർഷത്തിന് ശേഷം യെമനിലെ ജയിലെത്തി മകളെ നേരിൽ കണ്ടിരുന്നു. യെമനിലെ സൻആയിലെ ജയിലെത്തിയായിരുന്നു കണ്ടത്. നീണ്ട കാത്തിരിപ്പിനും നിയെമപോരാട്ടങ്ങൾക്കും ശേഷമാണ് പ്രേമകുമാരിക്ക് മകളെ കണാനായത്.