കേരളം

kerala

By ETV Bharat Kerala Team

Published : Feb 13, 2024, 12:40 PM IST

Updated : Feb 13, 2024, 9:34 PM IST

ETV Bharat / state

സതീശൻ പാച്ചേനിയുടെ സ്വപ്‌നം യാഥാർത്ഥ്യമായി ; ഒടുവിൽ വീടൊരുങ്ങി

കണ്ണൂർ കോൺഗ്രസിന്‍റെ സൗമ്യ മുഖമായിരുന്നു സതീശൻ പാച്ചേനി.സ്വന്തമായി ഒരു വീട് പോലുമില്ലാതെയാണ് സതീശൻ ജീവിച്ചിരുന്നത്. ഒടുവില്‍ അദ്ദേഹത്തിന്‍റെ സ്വപ്‌നം യാഥാർത്ഥ്യമായി.

Satheeshan Pacheni Dream home  സതീശൻ പാച്ചേനിക്ക് വീടൊരുങ്ങി  kannur  Satheeshan Pacheni home
സതീശൻ പാച്ചേനിയുടെ സ്വപ്‌നം യാഥാർത്ഥ്യമായി

സതീശൻ പാച്ചേനിയുടെ സ്വപ്‌നം യാഥാർത്ഥ്യമായി

കണ്ണൂർ :നിർഭാഗ്യം വിടാതെ പിന്‍തുടര്‍ന്ന രാഷ്ട്രീയ നേതാവ്, കണ്ണൂർ കോൺഗ്രസിന്‍റെ സൗമ്യനായ സതീശൻ പാച്ചേനി. അകാലത്തിൽ ആ രാഷ്‌ട്രീയ ജീവിതം പൊലിഞ്ഞുപോയപ്പോൾ കേരളത്തിന് നന്നായി വേദനിച്ചിരുന്നു. സ്വന്തമായി ഒരു വീട് പോലുമില്ലാതെയാണ് സതീശൻ ജീവിച്ചിരുന്നത് എന്നറിഞ്ഞപ്പോഴാണ് പലരും കരഞ്ഞുപോയത്. അവസാന കാലത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്‌തായിരുന്നു അദ്ദേഹം ജീവിതച്ചെലവ് കണ്ടെത്തിയത്.

പാച്ചേനിയെ നേരിട്ടറിയാത്തവർക്ക് പോലും, അദ്ദേഹത്തിന്‍റെ മരണശേഷം ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയിട്ടുണ്ടാകും. സതീശൻ പാച്ചേനി എന്ന രാഷ്‌ട്രീയക്കാരനോട് കണ്ണൂരിലെ കോൺഗ്രസുകാർക്ക് മാത്രമായിരുന്നില്ല ഇഷ്‌ടം. പൊതുജനങ്ങൾക്കും അദ്ദേഹത്തെ വലിയ ഇഷ്‌ടമായിരുന്നു. അത്രമേൽ സൗമ്യതയും, അഴിമതിയുടെ ഒരുതുള്ളി കറപോലും വീഴാത്ത രാഷ്‌ട്രീയ ജീവിതവുമായിരുന്നു അദ്ദേഹത്തിന്‍റേത്. അതാകാം പാച്ചേനിയെ ജനഹൃദയങ്ങൾ ഏറ്റെടുക്കാൻ കാരണം. പക്ഷെ പാർലമെന്‍ററി ജനാധിപത്യം മാത്രം ആദ്ദേഹത്തിനൊപ്പം നിന്നില്ല.

അഴിമതിയുടെ കറപുരളാത്ത ജീവിതത്തിൽ അദ്ദേഹം ജനങ്ങളുടെ സ്നേഹമല്ലാതെ മറ്റൊന്നും സമ്പാദിച്ചിരുന്നില്ല. സ്വന്തമായി ഒരു വീട് എന്നതായിരുന്നു പാച്ചേനിയുടെ എക്കാലത്തെയും വലിയ സ്വപ്‌നം. കണ്ണൂരിൽ പാർട്ടിക്ക് ഒരു ആസ്ഥാന മന്ദിരം ഇല്ലാതെ പോയപ്പോൾ ഓഫീസ് നിർമാണത്തിന് വേണ്ടി, ഉണ്ടായിരുന്ന വീട് വിറ്റ പണം ഉപയോഗിച്ച നേതാവാണ് സതീശൻ. പിന്നീട് പലപ്പോഴും വീട് പണിയാനായി സ്വരുക്കൂട്ടിയ പണമെല്ലാം പാർട്ടിയുടെ ആവശ്യങ്ങൾക്കായി നൽകി കൊണ്ടേയിരുന്നു.

വീട് എന്ന സ്വപ്‌നം ബാക്കിയാക്കി അകാലത്തിൽ പ്രിയ നേതാവ് പൊലിഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന്‍റെ വലിയ സ്വപ്‌നമായ 'വീട്' അവിടെ ബാക്കിയായി. എന്നാൽ സതീശൻ പാച്ചേനിയുടെ ആ സ്വപ്‌നം അദ്ദേഹത്തിന്‍റെ കുടുംബത്തിന് വേണ്ടി പാർട്ടി ഏറ്റെടുക്കുകയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് അന്ന് സ്വപ്‌നം പോലൊരു വീട് സതീശന് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.

സുധാകരനൊപ്പം കേരളത്തിലെ കോൺഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും നാടൊന്നാകെയും കൈ പിടിച്ചപ്പോൾ ആ സ്വപ്‌നം യാഥാർത്ഥ്യമാവുകയാണ്. പക്ഷെ സ്വപ്‌നം കണ്ട വീട്ടിലേക്ക് കയറാൻ പാച്ചേനി മാത്രമില്ലെന്നത് ഏവരെയും ഇപ്പോഴും നൊമ്പരപ്പെടുത്തുന്നു. നാടും നാട്ടുകാരും കോൺഗ്രസ് പാർട്ടിയും ചേർന്ന് പാച്ചേനിയുടെ സ്വപ്‌നം ഇതിനകം യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു.

സതീശൻ പാച്ചേനിയുടെ കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന വീടിന്‍റെ താക്കോൽ ദാനം (14-02-2024) ന് രാവിലെ നടക്കുമെന്ന് കെപിസിസി അറിയിച്ചു. പാച്ചേനിയുടെ മരണത്തിന് പിന്നാലെ, വീടുവച്ച് നൽകുമെന്ന് പ്രഖ്യാപിച്ച കെപിസിസിയുടെ അധ്യക്ഷൻ കെ സുധാകരനാണ് കുടുംബത്തിന് താക്കോൽ കൈമാറുക. അദ്ദേഹത്തിന്‍റെ ജന്മനാടായ തളിപ്പറമ്പ് പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മുവായിരത്തോളം സ്ക്വയർഫീറ്റ് വിസ്‌തീർണത്തിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത്.

വീട് നിർമ്മാണത്തിനായി സതീശൻ പാച്ചേനി വിലക്കെടുത്തിരുന്ന സ്ഥലത്താണ് 85 ലക്ഷം രൂപയിലധികം ചെലവിൽ വീടിന്‍റെ നിർമ്മാണം പൂർത്തീകരിച്ചത്. കരാറുകാരൻ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇതേ വീടിന് തൊട്ടടുത്ത് സതീശൻ പാച്ചേനിയുടെ ഭാര്യ റീനയുടെ സഹോദരിക്ക് വേണ്ടി നിർമ്മിച്ച വീടിന്‍റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

മുഴുവൻ സമയവും രാഷ്‌ട്രീയ പ്രവർത്തനത്തിനിടയിൽ സ്വന്തമായൊരു വീട് സ്വപ്‌നമായി മാത്രം കൊണ്ടുനടന്ന നേതാവായിരുന്നു സതീശൻ പാച്ചേനി. വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത് എന്നും നിർമ്മാണം തുടങ്ങി ഒരു വർഷം പൂർത്തിയാകും മുമ്പ് വീട് പൂർത്തീകരിക്കാൻ സാധിച്ചെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.

സതീശൻ പാച്ചേനിയെന്ന നിസ്വാർത്ഥനായ നേതാവിനെ സ്നേഹിക്കുന്ന ഒരുപാട് സുമനസ്സുകളുടെ, പാർട്ടിയിലെ സഹപ്രവർത്തകരുടെ അധ്വാനത്തിന്‍റെ ഫലമാണ് ഈ മനോഹര സൗധം. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കെഎസ്എസ്‌പിഎ ഉൾപ്പടെ സർവീസ് സംഘടനകളും പ്രവാസികളുമൊക്കെ സാമ്പത്തികമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഈ ഉദ്യമത്തിന് കൈത്താങ്ങ് പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Feb 13, 2024, 9:34 PM IST

ABOUT THE AUTHOR

...view details