കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ‘സങ്കൽപ്പ്’ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്‌എസ്‌കെയുടെയും ജില്ല പഞ്ചായത്തിൻ്റെയും സഹകരണത്തോടെ അമ്മമാർക്കായി അപ്പാരൽ യൂണിറ്റ് വിപുലപ്പെടുത്താനൊരുങ്ങുകയാണ്. കുഞ്ഞുങ്ങളുടെ പരിചരണം ഏറ്റെടുക്കേണ്ടി വന്നതിനാൽ ഉദ്യോഗവും വരുമാനവും ത്യജിച്ചവർക്ക് വലിയ കൈതാങ്ങാവുന്നതാണ് പദ്ധതി.
ഭിന്നശേഷിക്കാരുടെ അമ്മമാർക്കായി നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതിയിൽ വനിത കാറ്ററിങ്, കുട നിർമാണം, സോപ്പ് നിർമാണ യൂണിറ്റ് എന്നിവ നിലവിലുണ്ട്. ബാഗുകൾ, സഞ്ചികൾ എന്നിവ കൂടി നിർമിച്ച് നൽകി അപ്പാരൽ യൂണിറ്റ് വിപുലപ്പെടുത്താനാണ് പദ്ധതി. വീടുകളിൽ ഇരുന്നും അപ്പാരൽ യൂണിറ്റിൻ്റെ ഭാഗമാകാനാവും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പാക്കിങ് ഉൾപ്പെടെയുള്ള ജോലികളിലും പങ്കാളിയാക്കും.