മലപ്പുറം: പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിൽ ക്രിസ്‌മസ് കരോൾ വിഎച്ച്പി (വിശ്വ ഹിന്ദു പരിഷത്ത്) പ്രവർത്തകര്‍ തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണം നടത്താൻ നേതൃത്വം നൽകി റിമാൻഡിലായ മൂന്ന് പേരിൽ രണ്ട് പേരും ബിജെപിയുടെ ഭാരവാഹികളാണെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കൃഷ്‌ണകുമാറിനായി പ്രവർത്തിച്ചവരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളിലൊരാളായ വിശ്വ ഹിന്ദു പരിഷത്തിൻ്റെ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ചിറ്റൂരിലെ ബിജെപിയുടെ മണ്ഡലം ഭാരവാഹിയായിരുന്നു.
വി സുശാസനൻ ഒബിസി മോർച്ചയുടെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. ബിജെപിയുടെ ഭാരവാഹികളായിരുന്ന സജീവ പ്രവർത്തകരായിരുന്നവരാണ് സ്‌കൂളിൽ ക്രിസ്‌മസ് കരോളിനെതിരെ ആക്രമണം സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ബിജെപിക്ക് ഇതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇടപെട്ടെന്ന് ആരോപണം
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് തന്നെ നേരിട്ട് ഈ വിഷയം അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ പരിശ്രമം നടത്തിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. വെള്ളിയാഴ്‌ച (ഡിസംബർ 20) സ്‌കൂളിൽ ആക്രമണം നടന്നതിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം ഈ കേസ് അട്ടിമിറിക്കാൻ വേണ്ടി പൊലീസുമായും സ്‌കൂൾ അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാറിന് വേണ്ടി നേരിട്ട് പ്രവർത്തിച്ചിട്ടുള്ള രണ്ട് പേർ കൂടിയാണ് ഇപ്പോൾ അറസ്‌റ്റിലായിരിക്കുന്നത്. സാമുദായിക നേതാക്കളുമായി സംസാരിക്കാനും വോട്ട് ഏകോപിപ്പിക്കാനുമായി ബിജെപി ചുമതലപ്പെടുത്തിയവരാണ് സ്‌കൂളിൽ കരോൾ തടഞ്ഞതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. അതുകൊണ്ട് തന്നെ ബിജെപി നേതൃത്വം ഇവരെ രക്ഷിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ട്.
ഒരുവശത്ത് വല്ലാത്ത ക്രൈസ്‌തവ സ്നേഹം അഭിനയിച്ച് കൊണ്ട് ക്രൈസ്‌തവ ഭവനങ്ങളിലേക്ക് ക്രിസ്‌മസ് കേക്കുമായി പോകുകയും, എന്നാൽ മറുവശത്ത് ക്രൈസ്‌തവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാനും സംഘപരിവാർ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ വിമര്‍ശിച്ചു. സ്‌കൂളിൽ കുട്ടികൾ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷങ്ങൾ തടയാനുള്ള ശ്രമം കേരളത്തിലെ മതസൗഹാർദം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരകളോടൊപ്പം ഓടുകയും അതേസമയം വേട്ടക്കാരനോടൊപ്പം വോട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ ബിജെപിക്കുള്ളത്. ഈ നിമിഷം വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ബിജെപിക്ക് ഇതിൽ ബന്ധമുണ്ടെന്നാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
അതേസമയം, ക്രിസ്‌മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ഥികളുടെയും വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്‌തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുട൪ന്ന് വിദ്യാ൪ഥികൾക്ക് മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയ്‌തു. സ്‌കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Also Read:ക്രിസ്‌മസ് സ്റ്റാർ തൂക്കുന്നതില്‍ പോലും വര്‍ഗീയത; ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍