പത്തനംതിട്ട:മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മ ശാസ്‌താ ക്ഷേത്ര നട തുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി ആണ് നട തുറന്നത്. തുടർന്ന് ശബരീശന്‍റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.
മേൽശാന്തി അരുൺ കുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ ബി. മുരാരി ബാബു, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു വി നാഥ് തുടങ്ങിയവർ ദർശനത്തിനെത്തി. അതേസമയം, മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ 3-ന് ആരംഭിക്കും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡിസംബർ 31 മുതൽ ജനുവരി 11 വരെ രാവിലെ 5.30 മുതൽ രാത്രി 8 വരെ ഭക്തർക്ക് തിരുവാഭരണ ദർശനം ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിവസവും പുലർച്ചെ 3.30 മുതൽ രാവിലെ 11 വരെ നെയ്യഭിഷേകവും ഉച്ചയ്ക്ക് കളഭാഭിഷേകവും മറ്റ് വിശേഷാൽ പൂജകൾ ഉള്‍പ്പെടെ എല്ലാ പൂജകളും നടക്കും. 11-ന് എരുമേലി പേട്ട തുള്ളൽ നടക്കും. ജനുവരി 12ന് ഉച്ചയോടെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേയ്ക്ക് പുറപ്പെടും. 13-ന് പമ്പ സദ്യയും വിളക്കും നടക്കും.
14 ന് മകരവിളക്ക് നടക്കും. 19-ന് രാത്രി വരെ തീർഥാടകർക്ക് ദർശനം നടത്താം. അന്നേദിവസം നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതിപൂജ നടക്കും. 20ന് നട അടയ്ക്കുന്ന അന്ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമാകും ദർശനം അനുവദിക്കുക. മണ്ഡല മഹോത്സവം സമാപിച്ച് ഡിസംബർ 26ന് ആയിരുന്നു നട അടച്ചത്.