പത്തനംതിട്ട:ഇക്കൊല്ലത്തെ ശബരിമല മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. വെള്ളിയാഴ്‌ച വൈകിട്ട് നട തുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്ത ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് സന്നിധാനത്തെത്തി പുരോഗതികൾ വിലയിരുത്തി.
മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഡിജിപി
ശബരിമല തീർഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തീര്‍ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
DGP Visits Sabarimala (ETV Bharat) കാണാതാകുന്നവരെ കണ്ടെത്തുന്നതിനും, പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്താന്‍ പൊലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രധാന പാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭക്തരെ ശാരീരികമായി ഉപദ്രവിക്കരുത്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ അംഗം വി കെ ബീനാകുമാരി നിർദേശം നൽകിയത്. പതിനെട്ടാം പടി കയറുമ്പോൾ പൊലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല, പരാതിക്കാരന്‍റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്നും ഉത്തരവിൽ പറയുന്നു.
പരാതികള്‍ അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംവിധാനം
ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 8592999666 (പമ്പ), 7593861767 (സന്നിധാനം), 7593861768 (നിലയ്ക്കല്‍), സിയുജി നമ്പരുകളും 1800-425-1125 എന്ന ടോള്‍ഫ്രീ നമ്പരും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്‍റ് കമ്മിഷണര്‍ അറിയിച്ചു.
ആദ്യമായി ഉദ്യോഗസ്ഥ പരിശീലനം
ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുമായി ജില്ലാഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി. ആദ്യമായാണ് ഇങ്ങനെയൊരു പരിശീലനമെന്ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കളക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി നടത്തുന്നതിനുള്ള തീരുമാനം. ശബരിമല എഡിഎമ്മിനാണ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ നിയന്ത്രണ ചുമതല.
പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ജില്ലാ കളക്‌ടര്‍
ശബരിമല തീര്‍ഥാടനത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ജില്ലാകളക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍. ചേമ്പറില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. റോഡ് പണി പൂര്‍ണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Sabarimala Press Meet (ETV Bharat) പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പടെ താത്ക്കാലിക പൊലിസ് സ്‌റ്റേഷന്‍ ഒരുക്കിയിട്ടുണ്ട്. സിസിടിവി നിരീക്ഷണം, പാര്‍ക്കിംഗ് ക്രമീകരണം എന്നിവയും സുസജ്ജമാണ്. അണക്കെട്ടുകളിലും സുരക്ഷ മുന്‍നിർത്തി പൊലിസ് സാന്നിധ്യമുണ്ടാകും. വൈദ്യുതി ഇന്‍സുലേറ്റഡ് കേബിള്‍ വഴി സുരക്ഷിതമായാണ് നല്‍കുന്നത്. കെഎസ്‌ഇബി 5,000 ലധികം ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. തടസരഹിത വൈദ്യുതി വിതരണം ഉറപ്പാക്കും.
താത്ക്കാലിക കണക്ഷനുകള്‍ ആവശ്യാനുസരണം നല്‍കും. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കും. ടാങ്കറുകളെ അമിതമായി ആശ്രയിക്കരുത് എന്നാണ് നിര്‍ദേശമുള്ളത്. അഗ്നി സുരക്ഷ സേനയുടെ സേവനം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ ഉറപ്പാക്കി. ആരോഗ്യസംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഇലവുങ്കലില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. വാഹന അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തരസഹായം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന. ബ്രേക്ക്ഡൗണുകളിലും സഹായം ഉറപ്പാക്കും. ക്രെയിന്‍ സംവിധാനം സഹിതമാണ് പ്രവര്‍ത്തനം. വാഹനങ്ങളുടെ വരവ്-പോക്കും എണ്ണവും നിരീക്ഷിക്കും. അപകടസ്ഥലത്ത് നിന്ന് വാഹനങ്ങള്‍ അടിയന്തരമായി നീക്കാനുള്ള ക്രമീകരണവും നടത്തുന്നുണ്ട്.
എക്‌സൈസിന്‍റെ സംഘവും രംഗത്തുണ്ടാകും. കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ലഹരിയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം അടിയന്തരഘട്ട സഹായങ്ങള്‍ക്കും മുന്‍കൈയെടുക്കും. ഇടത്താവള സൗകര്യങ്ങള്‍ പരിശോധിച്ച് കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്‌ടര്‍ നിര്‍ദേശം നല്‍കി.
സൗകര്യങ്ങള്‍ വിലയിരുത്താന്‍ കേരള തമിഴ്‌നാട് അന്തര്‍ സംസ്ഥാന യോഗം
ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍ സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്‌ടര്‍ വി വിഘ്നേശ്വരി, തേനി കളക്‌ടര്‍ ആര്‍ വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tamil Nadu Kerala Inter State Meet (ETV Bharat) കഴിഞ്ഞ വര്‍ഷത്തെ പോലെ ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്‍റെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുമെന്ന് കളക്‌ടര്‍മാര്‍ അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് പുല്ലുമേട് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം തേക്കടി റൂട്ടില്‍ പട്രോൾ ടീമിനെയും നിയോഗിക്കും. കൂടാതെ മെഡിക്കല്‍ ടീമിനെയും പ്രധാന പോയിന്‍റുകളില്‍ ആംബുലന്‍സുകളും സജ്ജീകരിക്കുമെന്നും തേനി കളക്‌ടര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ 3 സ്ഥലങ്ങളില്‍ അത്യാഹിത വിഭാഗവും വണ്ടിപെരിയല്‍, കുമളി എന്നിവിടങ്ങളില്‍ ഒ പി വിഭാഗത്തിന്‍റെ സേവനവും ഒരുക്കും. ഇതോടൊപ്പം ഈ വര്‍ഷം സീതകുളത്ത് പ്രത്യേക ഓക്‌സിജന്‍ സപ്ലൈ യൂണിറ്റ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യാത്രാ സൗകര്യം സുഖമമാകുന്നതിനായി പ്രത്യേക പമ്പ ബസുകൾ കെ എസ് ആര്‍ ടി സി യുടെ നേതൃത്വത്തിൽ സര്‍വീസ് നടത്തും.