തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയതില്‍ മുതലെടുപ്പുമായി ഹൈന്ദവ സംഘടനകളും ബിജെപിയും രംഗത്തിറങ്ങിയിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയെ അറിയിച്ചു.
എന്നാല്‍ പകരം സംവിധാനം എന്തെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ തയ്യാറാകുന്നുമില്ല. അതിനിടെ സംഘപരിവാര്‍ സംഘടനകളും ബിജെപിയും സ്‌പോട്ട് ബുക്കിങ് ആവശ്യപ്പെട്ട് പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ ബിജെപിയും സംഘപരിവാറിനെയും സഹായിക്കാനാണ് ഇത്തരമൊരു നീക്കവുമായി മുന്നോട്ടു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ഒന്‍പതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇതേ വിഷയം സബ്‌മിഷനായി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്‌ത 80,000 പേര്‍ക്കുമാത്രം ദര്‍ശനം എന്ന നിലപാടില്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ ഉറച്ചു നിന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് ഇതേ വിഷയത്തില്‍ ഭരണകക്ഷിയില്‍ നിന്ന് വി ജോയിക്ക് സബ്‌മിഷന്‍ ഉന്നയിക്കാന്‍ സ്‌പീക്കര്‍ ഇന്ന് അനുമതി നല്‍കിയത് സര്‍ക്കാരിന്‍റെ മാറിയ നിലപാട് സഭയില്‍ പ്രഖ്യാപിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമായിരുന്നു. ഇതു മനസിലാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്‌പീക്കറുടെ നടപടിയെ ചോദ്യം ചെയ്‌തു. നാല് ദിവസം മുന്‍പ് താന്‍ അവതരിപ്പിച്ച അതേ വിഷയം സബ്‌മിഷനായി ഉന്നയിക്കാന്‍ നാലാം ദിവസം ഭരണകക്ഷിയിലെ മറ്റൊരു എംഎല്‍എയ്ക്ക് അവസരം നല്‍കിയതിനെ സതീശന്‍ ചോദ്യം ചെയ്‌തു. എന്നാല്‍ വിഷയം ഇപ്പോള്‍ വിവാദമായ പശ്ചാത്തലത്തില്‍ അതിന് വ്യക്തത വരുത്തുന്നതിനാണ് ഇത്തരമൊരു സബ്‌മിഷനെന്ന് സ്‌പീക്കര്‍ റൂളിംഗ് നല്‍കി. എന്നാല്‍ സബ്‌മിഷന്‍ ഇല്ലാതെ തന്നെ മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും സഭയില്‍ പ്രസ്‌താവന നടത്താമെന്നേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. പിന്നാലെ ഭരണപക്ഷ എംഎല്‍എ ജോയിയെ സ്‌പീക്കര്‍ സബ്‌മിഷന്‍ അവതരിപ്പിക്കാന്‍ ക്ഷണിക്കുകയായിരുന്നു.