പത്തനംതിട്ട: കഴിഞ്ഞ 25 വർഷക്കാലമായി എല്ലാ വർഷവും മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ആദ്യാവസാനം എംഎം കുമാർ സന്നിധാനത്തുണ്ടാവും. ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെയുള്ള എംഎം കുമാറിൻ്റെ ആറ് ഭാഷകളിലുള്ള അനൗൺസ്മെൻ്റിന് കാതോർക്കാത്ത തീർത്ഥാടകരുണ്ടാവില്ല. ഒരു ഭാഷ തന്നെ നന്നായി കൈകാര്യം ചെയ്യാൻ കഷ്‌ടപ്പെടുന്നവർക്ക് ആറ് ഭാഷകളെ മാത്യഭാഷ പോലെ കൈകാര്യം ചെയ്‌തുകൊണ്ടുള്ള എം എം കുമാറിൻ്റെ വാഗ്ധോരണിയെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനുമാകൂ.
കർണ്ണാടക ചിക്കമംഗലൂർ സ്വദേശിയാണ് എംഎം കുമാർ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. 1999 ൽ സന്നിധാനത്ത് എത്തിയപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യാൻ കഴിവുള്ള ഒരാളെ ദേവസ്വം അധികൃതർ അന്വേഷിക്കുന്നതായി അറിയുന്നത്. ഉടൻ തന്നെ അധികൃതരെ സമീപിച്ചു.
എംഎം കുമാറിൻ്റെ അനൗൺസ്മെൻ്റ് കേട്ട ദേവസ്വം അധികൃതർക്ക് മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. അന്ന് മുതൽ ഇതുവരെ മണ്ഡല മകരവിളക്ക് കാലത്ത് ഒരു ദിവസം പോലും ഇടവേളയില്ലാതെ എംഎം കുമാറിൻ്റ ശബ്‌ദം പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തർക്ക് വഴികാട്ടിയാണ്.