അനുനയ നീക്കങ്ങൾ ഫലം കണ്ടു ; എസ് രാജേന്ദ്രൻ എൽഡിഎഫ് വേദിയിൽ ഇടുക്കി :അനുനയ നീക്കങ്ങൾ ഫലം കണ്ടു. എസ്. രാജേന്ദ്രൻ ഇടതുമുന്നണി വേദിയിൽ. മൂന്നാറിൽ എൽ ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിലാണ് രാജേന്ദ്രൻ പങ്കെടുത്തത്. എം എം മണി ഉള്‍പ്പടെയുള്ള നേതാക്കൾക്കൊപ്പമാണ് രാജേന്ദ്രൻ വേദിയിൽ എത്തിയത്. ഇപ്പോൾ തെരഞ്ഞെടുപ്പ് മാത്രമാണ് മുന്നില്‍. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്, അത് ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
എസ് രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് പോയിട്ടില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയനായി നില്‍ക്കുകയായിരുന്നുവെന്നും എം എം മണി പറഞ്ഞു. ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൽ ഡി എഫ് പരിപാടിയില്‍ പങ്കെടുത്തത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് രാജേന്ദ്രൻ തിരികെ എത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം എന്നല്ല, മുന്നണിയാണ് ഉള്ളതെന്നും ജോയ്‌സിന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും രാജേന്ദ്രൻ പ്രതികരിച്ചു. മുൻപ് ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുനയ നീക്കങ്ങൾ ഫലം കണ്ടു, രാജേന്ദ്രൻ എൽഡിഎഫ് വേദിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് എ രാജയുടെ പ്രചാരണത്തിൽ വീഴ്‌ച ഉണ്ടായി എന്ന അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലിനെ തുടർന്നായിരുന്നു രാജേന്ദ്രനെതിരെ നടപടി ഉണ്ടായത്. വീഴ്ച ഉണ്ടെന്നത് ആരോപണം മാത്രമാണെന്ന് കാണിച്ച് രാജേന്ദ്രൻ കത്ത് നൽകിയെങ്കിലും നടപടി പിൻവലിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് രാജേന്ദ്രൻ സജീവമാകുന്നത് ദേവികുളം മണ്ഡലത്തിൽ കരുത്താകുമെന്നാണ് ഇടത് പ്രതീക്ഷ. അതേ സമയം അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചില്ലെന്ന് തന്നെയാണ് രാജേന്ദ്രന്‍റെ പ്രതികരണം.
Also Read:'ബിജെപി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത പുലര്‍ത്താന്‍' ; മലക്കംമറിഞ്ഞ് ഇപി ജയരാജന്‍
നേരത്തെ തനിക്ക് നീതി ലഭ്യമായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. സിപിഎം നേതാക്കളെത്തി പാർട്ടിയിലേക്ക് തന്നെ ക്ഷണിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മെമ്പർഷിപ്പ് പുതുക്കാൻ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താൻ അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു (S Rajendran on cpm Membership).
ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു എസ് രാജേന്ദ്രന്‍റെ പ്രതികരണം. തനിക്ക് നീതി ലഭ്യമായിട്ടില്ലെന്നും പാർട്ടിയിലേക്ക് തിരിച്ചുപോയാൽ സംരക്ഷണം കിട്ടുമെന്ന് എന്താണ് ഉറപ്പെന്നും എസ് രാജേന്ദ്രൻ ചോദിച്ചിരുന്നു. പാർട്ടിയുടെ തീരുമാനത്തിൽ താൻ അനുഭവിച്ച മാനസിക വിഷമം അത്രത്തോളമുണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനർഥം മറ്റൊരു പാർട്ടിയിലേക്ക് പോകുമെന്നല്ല. ചതിച്ചവർക്കൊപ്പം പോകാൻ താൽപ്പര്യമില്ലാത്തതിനാലാണ് മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്‌തത്. ഇതുവരെയും സസ്‌പെൻഷൻ നടപടി പിൻവലിക്കാൻ തയ്യാറാകാത്തതില്‍ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം, ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അദ്ദേഹം തളളിയിരുന്നു. എന്നാൽ സിപിഎം സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ മറിച്ചുളള തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
തന്നെ ബിജെപി അംഗങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തുവെന്നും ക്ഷണം നിരസിച്ചെന്നും എസ് രാജേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ബിജെപിയുടെ ദേശീയ സംസ്ഥാന അംഗങ്ങളാണ് തന്നെ സന്ദർശിച്ചത്. വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും ഇതുവരെ സസ്പെൻഷൻ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ടെന്നും എസ് രാജേന്ദ്രൻ വെളിപ്പെടുത്തി.
15 വര്‍ഷമായി എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ ഒഴിവാക്കി 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിൽ എ രാജയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ എസ് രാജേന്ദ്രനും എംഎം മണിയും തമ്മിൽ വാദപ്രതിവാദങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. പൊതുപരിപാടികളിലെ എംഎം മണിയുടെ പരാമർശങ്ങൾക്കെതിരെ രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റിയെ സമീപിക്കുകയും ചെയ്‌തിരുന്നു.
അതേസമയം തന്നെ പുറത്തുനിർത്തുന്നതിന് പിന്നിൽ പ്രാദേശിക നേതൃത്വമാണെന്നും ബിജെപിയോടൊപ്പം മറ്റുചില രാഷ്ട്രീയ പാർട്ടികളും സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും പാർട്ടി പുറത്തുനിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നുമായിരുന്നു രാജേന്ദ്രന്‍റെ നിലപാട്.