കോഴിക്കോട്:നാഷണൽ ഹൈവേ 66 ൽ ഇടിമുഴിക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാർ കത്തി നശിച്ചു. ഇന്നലെ (2-4-24) രാത്രി 12 മണിയോടെയാണ് കാറിന് തീപിടിച്ചത്. കൊട്ടപ്പുറം പുളിക്കൽ കരിയൻ തൊടി സ്വദേശിയായ അബ്‌ദുൾ കരീമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച കാർ.
ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് തന്നെ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. നിർത്തിയ ഉടൻ തന്നെ കാറിനുള്ളിൽ തീ പടർന്നു. ആദ്യഘട്ടത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല.
തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് കാറിൽ തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം പന്തീരാങ്കാവിലും സമാനമായ രീതിയിൽ കാറിന് തീപിടിച്ചിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ ഡബ്ലിയു സനൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ കെ ബൈജുരാജ്, എം മുഹമ്മദ് സാനിജ്, കെ പി നിജാസ്, പി അനൂപ്, ഹോം ഗാർഡ് എ അഭിലാഷ് തുടങ്ങിയവരാണ് തീ അണയ്‌ക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയത്.