തിരുവനന്തപുരം: ആര്‍എസ്‌എസ് മണ്ണന്തല മണ്ഡലം ശാരീരിക ശിക്ഷണ്‍ പ്രമുഖായിരുന്ന രഞ്ജിത്ത് കൊലക്കേസില്‍ സാക്ഷി വിസ്‌താരം തുടങ്ങി. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് വിസ്‌താരം ആരംഭിച്ചത്. ജഡ്‌ജി ആജ് സുദര്‍ശന്‍ മുമ്പാകെയാണ് സാക്ഷി വിസ്‌താരം.
കേസിൽ പ്രഥമ വിവരമൊഴി നൽകിയ വിനോദിന്‍റെ വിസ്‌താരം ഇന്നലെ (ഫെബ്രുവരി 5) പൂര്‍ത്തിയായിരുന്നു. വെട്ടേറ്റ് കൊല്ലപ്പെട്ട് മരിച്ചുവെന്ന വാര്‍ത്ത കേട്ടതോടെ കടയില്‍ പോയിരുന്നുവെന്നും അപ്പോള്‍ രഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടുവെന്നും ഇന്നലെ വിനോദ് കോടതിയില്‍ പറഞ്ഞു. ഇക്കാര്യം പേരൂര്‍ക്കട പൊലീസില്‍ മൊഴി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കാറിലും ഒരു ബൈക്കിലുമായെത്തിയ എട്ടംഗ സംഘമാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് അറിയാന്‍ സാധിച്ചത്. അക്രമി സംഘത്തിന്‍റെ കൈയില്‍ മാരാകായുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചതെന്നും വിനോദ് കോടതിയില്‍ പറഞ്ഞു.
രഞ്ജിത്ത് കൊലക്കേസ്:2008 ഒക്ടോബർ 17നാണ് കേസിനാസ്‌പദമായ സംഭവം. കോട്ടമുകളിലുള്ള സ്വന്തം കടക്കുള്ളില്‍ പുലര്‍ച്ചെ 5.50 ഓടെയാണ് രഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. അമ്പലമുക്ക് സ്വദേശിയായ കൃഷ്‌ണ കുമാര്‍, വെള്ളി നാരായണന്‍, ഫിറോസ് ഖാന്‍, വിഷ്‌ണു വിനോദ്, ശങ്കര്‍, ഗോഡ്‌വിന്‍, ഗോപാലന്‍ സുരേഷ്, കണ്ണന്‍ സുരേഷ്, എന്നിവരാണ് കേസിലെ പ്രതികള്‍. രഞ്ജിത്ത് കൊലക്കേസിന് നേതൃത്വം നല്‍കിയത് സിപിഎം നേതാവായ ഹരിപ്രസാദും അനുയായികളുമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.
വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനായി കേസിലെ സാക്ഷികൾ ഉൾപ്പെടെയുള്ളവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. പ്രതികളുടെ ഭാഗത്ത് നിന്നും ഭീഷണി ഉണ്ടായതിനെ തുടർന്ന് രജ്ഞിത്തിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സാക്ഷികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്. കേസിൽ സാക്ഷികൾക്ക് വേണ്ടി അഭിഭാഷകരായ കെ.വി ഹേമരാജ്, വി.ജി ഗിരികുമാർ എന്നിവരും ഹാജരായിട്ടുണ്ട്.