ആലപ്പുഴ:മതിയായ രേഖകളില്ലാതെ കൈവശം വെച്ച 12 ലക്ഷം രൂപ പിടിച്ചെടുത്തു. ആലപ്പുഴ കളർകോട് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്‌റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) നടത്തിയ പരിശോധനയിലാണ് കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചത്.
തുടർനടപടികൾക്കായി ഇൻകം ടാക്‌സ് നോഡൽ ഓഫിസർക്ക് തുക കൈമാറി. ആലപ്പുഴ ജില്ലയിൽ 27 പരിശോധന കേന്ദ്രങ്ങളിലായി 81 സ്‌റ്റാറ്റിക് സർവലൈൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാഹന പരിശോധനയുൾപ്പെടെ നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുക, മദ്യം-മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘത്തിന്‍റെ ചുമതല. ഇതു കൂടാതെ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്‌ളയിങ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.