ആലപ്പുഴ : നഗരത്തിന്‍റെ ഹൃദയഭാഗത്ത് പുതിയ ജില്ല കോടതി പാലത്തിൻ്റെ നിർമാണത്തിന് തുടക്കമായി. ആലപ്പുഴ - അമ്പലപ്പുഴ മണ്ഡലങ്ങളെ തമ്മിൽ വേർതിരിക്കുന്ന വാടക്കനാലിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. നിലവിലുളള ഇടുങ്ങിയതും ഗതാഗതത്തിന് അസൗകര്യങ്ങൾ നിറഞ്ഞതുമായ പാലം പൊളിച്ചു നീക്കിയാണ് പുതിയ പാലം നിര്‍മിക്കുക.
പുതിയ റൗണ്ട് ടേബിള്‍ പാലം വരുന്നതോടെ കൂടുതൽ വാഹനങ്ങൾക്ക് യഥേഷ്‌ടം കടന്നുപോകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനാണ് 120.52 കോടി ചെലവില്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2016ല്‍ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും 2021 ഫെബ്രുവരിയിലാണ് ആവശ്യമായ സാമ്പത്തിക അനുമതി ലഭിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ച് ടെണ്ടര്‍ നടപടികള്‍ കൈക്കൊണ്ടു. 2024 ജൂലൈയിൽ കരാറുകാരന് എല്‍ഒഎ നല്‍കുകയും ഓഗസ്റ്റിൽ കരാര്‍ ഒപ്പു വയ്‌ക്കുകയും ചെയ്‌തു. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ നിര്‍മാണ കമ്പിനിയാണ് പ്രവൃത്തികൾ ഏറ്റെടുത്തത്.
രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും :ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് പുറമെ നഗരത്തിന്‍റെ സൗന്ദര്യം ഏറെ വര്‍ധിപ്പിക്കുന്ന നിര്‍മാണം നഗരത്തിന്‍റെ മുഖഛായ തന്നെ മാറ്റും. കനാലിൻ്റെ ഇരുകരകളിലും മൂന്ന് ലൈൻ വീതമുള്ള ഗതാഗതമുണ്ടാകും. 5.5 മീറ്റർ വീതിയിൽ ഫ്ലൈ ഓവറും 7.5 മീറ്റർ വീതിയിൽ അടിപ്പാതയും വെളിയിൽ 5.5 മീറ്റർ വീതിയിൽ റാമ്പുകളുമുണ്ടാകും. ഫ്ലൈ ഓവറുകളിലും റാമ്പുകളിലും ഓരോ ദിശയിലേക്കുള്ള ഗതാഗതവും അടിപ്പാത വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതമുണ്ടാകും.
Started Round Table Bridge Construction (ETV Bharat) കനാലിൻ്റെ വടക്കേ കരയിൽ വരുന്ന ഫ്ലൈ ഓവറുകളുടെ പയലിങ് ജോലികൾക്കാണ് ഇപ്പോള്‍ തുടക്കമായത്. എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, കലക്‌ടർ അലക്‌സ് വർഗീസ്, നഗരസഭ ചെയർപേഴ്‌സൺ കെ കെ ജയമ്മ, കൗൺസിലർ കെ ബാബു, കെആർഎഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ റിജോ തോമസ് മാത്യു, അസിസ്റ്റന്‍റ് എഞ്ചിനീയർ ജയകുമാർ, കരാറുകാരൻ റജി ചെറിയാൻ എന്നിവർ നിര്‍മാണോദ്‌ഘാടനത്തില്‍ പങ്കെടുത്തു.
Also Read:റെയില്‍വേയുടെ എഞ്ചിനീയറിങ് മികവിന്‍റെ പ്രതീകം; കരുത്തു തെളിയിച്ച് പുതിയ പാമ്പന്‍ പാലം