പത്തനംതിട്ട : 'ബ്ലാക്‌മാൻ' ഭീതിപരത്തി മോഷണവും കവർച്ചാ ശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി പിടികൂടി. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ അഭിജിത്ത് (21), സംഘാംഗങ്ങളായ രണ്ട് കൗമാരക്കാർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. രണ്ടാഴ്ച്ചയായി പന്തളത്തും പരിസര പ്രദേശങ്ങളിലുമായി പ്രതികള്‍ മോഷണം നടത്തി വരികയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബൈക്കുകളുടെ ഹാൻ്റിൽ ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷം വയർ ഉപയോഗിച്ച് വണ്ടി സ്റ്റാർട്ട് ചെയ്യുന്നതാണ് കൗമാരക്കാരായ പ്രതികളുടെ രീതി. മോഷ്‌ടിക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തിൽ കറങ്ങി നടന്ന് റബർ ഷീറ്റുകളും ബൈക്കുകളുമടക്കം മോഷ്‌ടിക്കും.
ഒരാഴ്‌ചക്കിടയിൽ പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ ഇവർ മോഷണ ശ്രമം നടത്തി. കുട്ടികളടക്കമുളള കവർച്ചാ സംഘം കഞ്ചാവും മദ്യവുമടക്കം ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നവരെ ഇവർ ആക്രമിക്കാറുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചയായി 'ബ്ലാക്‌മാൻ' ഭീതി സൃഷ്‌ടിച്ച് പ്രദേശത്ത് കറങ്ങുകയായിരുന്നു സംഘം.
എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശി രാഗേന്ദു നമ്പ്യാരുടെ ബജാജ് പൾസർ ബൈക്ക് നവംബർ മൂന്നിന് അർധ രാത്രി തൃപ്പൂണിത്തുറയിൽ നിന്നും മോഷ്‌ടിച്ച് പന്തളത്തേക്ക് കടത്തിയിരുന്നു. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മോഷ്‌ടിച്ച ഈ ബൈക്കിൽ, കഴിഞ്ഞ 15ന് അർധ രാത്രി പന്തളം കീരുകുഴി സെൻ്റ് ജോർജ് കാതോലിക്കറ്റ് ചർച്ചിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറക്കാൻ സംഘം ശ്രമിച്ചു. നിരത്തിലെ വാഹനങ്ങളുടെ വരവും കാണിക്ക വഞ്ചിക്ക് നിരവധി അറകളും സുരക്ഷ ക്രമീകരണങ്ങളുമുള്ളതിനാലും മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.