കേരളം

kerala

ETV Bharat / state

മൂന്നു പ്രതികളെയും വെറുതെ വിട്ടുവെന്ന് ഒറ്റവരിയിൽ വിധി; പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ, നീതി ലഭിച്ചില്ലെന്ന് കുടുംബം - riyaz moulavi murder case

വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധി ഉണ്ടാക്കിയിരിക്കുന്നത്.

RIYAZ MAULAVI FOLLOW UP  MADRASA TEACHER MURDER CASE  MURDER CASE  ALL THREE ACCUSED WERE ACQUITTED
riyaz moulavi murder case follow up; three accused were acquitted

By ETV Bharat Kerala Team

Published : Mar 30, 2024, 1:41 PM IST

മൂന്നു പ്രതികളെയും വെറുതെ വിട്ടു, പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാസർകോട് : പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടുവെന്ന കോടതി വിധി വന്നതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സൈദ. കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും, പക്ഷേ നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നു പ്രതികളെയും വെറുതെ വിട്ടുവെന്ന് ഒറ്റവരിയിലായിരുന്നു കോടതിയുടെ വിധിപ്രസ്‌താവം. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ ഒന്നാം പ്രതി അജേഷ്, രണ്ടാം പ്രതി നിതിൻ കുമാർ, മൂന്നാം പ്രതി കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിച്ചത്.

അതേസമയം കോടതിയുടെ കണ്ടെത്തൽ ദൗർഭാഗ്യകരമാണെന്നും ഡിഎൻഎ തെളിവിനു പോലും വില കല്‍പിച്ചില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷാജിത്ത് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയാണെന്നും
അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിധി പകർപ്പ് വായിച്ചിട്ട് പിന്നീട് പ്രതികരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡോ. എ ശ്രീനിവാസ് ഐപിഎസ് പ്രതികരിച്ചു. നീതി ജയിച്ചുവെന്നും നിരപരാധികളായ മൂന്ന് ചെറുപ്പക്കാരെയാണ് 7 വർഷം ജാമ്യം പോലും കൊടുക്കാതെ ജയിലിലിട്ടതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ടി സുനിൽകുമാറിന്‍റെ പ്രതികരണം. പൊലീസിന്‍റെ മുഖം രക്ഷിക്കാൻ നിരപരാധികളായ ചെറുപ്പക്കാരെ പ്രതികളാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവി വധക്കേസിൽ ഇന്ന് (30-03-2024) രാവിലെയാണ് കോടതി വിധി പറഞ്ഞത്. 2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ. എ ശ്രീനിവാസിന്‍റെ മേൽനോട്ടത്തിൽ അന്ന് കോസ്റ്റൽ സിഐ ആയിരുന്ന പി കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ലാണ് വിചാരണ ആരംഭിച്ചത്.

കഴിഞ്ഞ 7 വർഷമായി പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 97 പേരെയും പ്രതിഭാഗത്ത് നിന്ന് ഒരാളെയുമാണ് ഇതുവരെ കേസില്‍ വിസതരിച്ചത്. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകം നടന്ന് ഏഴാം വര്‍ഷമാണ് കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാവുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Also Read:റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു - Riyaz Maulvi Murder Case

ABOUT THE AUTHOR

...view details