കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് സ്ഥലം മാറ്റം. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. നേരത്തെ തന്നെ സ്ഥലം മാറ്റത്തിന് ബാലകൃഷ്‌ണൻ അപേക്ഷിച്ചിരുന്നതായും സൂചനയുണ്ട് . റിയാസ് മൗലവി കൊലപാതകവും വിധിയും ഏറെ ചർച്ചയായിരുന്നു.
മാർച്ച് 30 നാണ് കേസിൽ വിധി പറഞ്ഞത്. പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടെന്ന വിധി കേരളത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും സർക്കാരും വിധിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവർ ആയിരുന്നു പ്രതികൾ.
റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വിധി കേട്ട ഉടന്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചത്.
അതേസമയം അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വൻ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിമർശിച്ചിരുന്നു. പ്രതികൾക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്‌ടമാക്കിയെന്നും കോടതി വിമർശിച്ചിരുന്നു.