തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പ്രതിദിനം ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്താൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശം.ആർടിഒ, ജോയിന്‍റ് ആർടിഒമാരുമായി ഗതാഗത മന്ത്രി ഇന്ന്(06-03-2024) ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം. നാളെ മുതൽ പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് 50 ആയി നിജപ്പെടുത്താനാണ് നിർദേശം.
സാധാരണ ദിവസം 100 മുതൽ 180 പേർക്കാണ് ടെസ്റ്റ് നടത്തുന്നത്. ഗതാഗത മന്ത്രിയുടെ നിർദേശം എങ്ങനെ നടപ്പാക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ. പ്രതിദിനം 180 വരെ നടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് 50 ആയി ചുരുക്കുമ്പോൾ ആരെയൊക്കെ ഒഴിവാക്കും, എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ ഒഴിവാക്കും പുതിയ തീയതി എങ്ങനെ നൽകുമെന്നുളള ആശയക്കുഴപ്പത്തിലാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ.
ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താനും മന്ത്രി നിർദേശം നൽകി.മന്ത്രി അംഗീകാരം നൽകുന്ന സർക്കുലർ മാത്രമേ ഗതാഗത കമ്മീഷണർ ഇറക്കാവൂ എന്നാണ് നിർദേശം. അവസാന ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകളുടെയും റോഡ് വികസന കരാർ ഏറ്റെടുത്ത കമ്പനികളുടെ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ പെർമിറ്റ് റദ്ദാക്കാനും നിദ്ദേശം നൽകിയിട്ടുണ്ട്.