തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ ബ്രേക്ക്‌ഡൗണായി വഴിയില്‍ക്കിടക്കുന്നതിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കാത്ത യാത്രക്കാര്‍ വളരെ കുറവായിരിക്കും. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ബുദ്ധിമുട്ട് പറയുകയും വേണ്ട. സുഖമായി യാത്ര ചെയ്‌തു സീറ്റുകള്‍ നഷ്‌ടപ്പെട്ട് നടുറോഡില്‍ മറ്റു ബസുകള്‍ക്കായി കാത്തു നിന്ന് പിന്നാലെ വരുന്ന തിരക്കു പിടിച്ചു ബസുകളില്‍ ബാക്കി യാത്ര പൂര്‍ത്തിയാക്കേണ്ടി വരുന്നതിന്‍റെ പ്രയാസങ്ങള്‍ പലരും ഓര്‍ക്കാന്‍ തന്നെ ആഗ്രഹിക്കുന്നുണ്ടാകുന്നില്ല.
റോഡരികില്‍ ബസുകള്‍ കേടായി കിടക്കുന്നത് ഒഴിവാക്കി എത്രയും വേഗം തകരാര്‍ പപരിഹരിച്ച് യാത്ര പുനരാരംഭിക്കുന്നതിന് ഉദ്ദേശിച്ച് കെഎസ്ആര്‍ടിസി സംസ്ഥാന വ്യാപകമായി റാപ്പിഡ് റിപ്പയര്‍ ടീം സജ്ജമാക്കുന്നു. നിലവില്‍ ബസുകള്‍ തകരാറിലാകുന്നത് പരിഹരിക്കുന്നതിന് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ അറിയിച്ച് വലിയ വര്‍ക്ക് ഷോപ്പ് വാനുകള്‍ ഡിപ്പോകളില്‍ നിന്നും എത്തി തകരാറ് പരിഹരിക്കുന്ന സംവിധാനമാണുള്ളത്.
നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിലേക്കായാണ് കെഎസ്ആര്‍ടിസി റാപ്പിഡ് റിപ്പയര്‍ ടീം ആരംഭിക്കുന്നത്. ഇതിലേക്കായി നാല് വീലുകളുള്ള അലൂമിനിയം കവചിത ബോഡിയാല്‍ നിര്‍മ്മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 യൂണിറ്റ് റാപ്പിഡ് റിപ്പയര്‍ ടീമുകള്‍ രൂപീകരിക്കും.