തിരുവനന്തപുരം:ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം നല്‍കാനൊരുങ്ങി കേരള പൊലീസ്. ആലപ്പുഴ മുന്‍ ജില്ല പൊലീസ് മേധാവിയും നിലവില്‍ വിഐപി സുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മിഷണറുമായ ജി.ജയദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഇന്ന് (ജനുവരി 30) കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഉത്തരവ്.
കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് പ്രത്യേകം പ്രശംസിച്ചു. ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ ഇന്നാണ് നിര്‍ണായക വിധി പ്രഖ്യാപനമുണ്ടായത് (ജനുവരി 30). കേസിലെ മുഴുവന്‍ പ്രതികളെയും മരണം വരെ തൂക്കിലേറ്റാണ് മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.
പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രഖ്യാപനത്തില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയാണ് കോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. കുടുംബത്തിന് മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്‌ജി വിജി ശ്രീദേവി പ്രതികള്‍ക്ക് തൂക്കു കയര്‍ വിധിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും കൊലപ്പെടുത്താന്‍ കഴിവുള്ളവരാണെന്നും ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.