കാസർകോട്:കാട്ടാനഭീഷണി അകന്നതോടെ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾക്കുള്ള പ്രവേശനവിലക്ക് നീക്കി. വിനോദ സഞ്ചാര കേന്ദ്രത്തിൽ കാട്ടാനകൾ തമ്പടിച്ചതോടെ നാല് ദിവസമായി ട്രക്കിങ് നിരോധിച്ചിരുന്നു. കാട്ടാനകൾ കർണാടക വനത്തിലേക്ക് കടന്നുയെന്ന് ഉറപ്പ് വരുത്തിയത്തോടെയാണ് ട്രക്കിങ് പുനരാരംഭിച്ചത്.
വിനോദസഞ്ചാരികളുടെ കൂടുതൽ തിരക്കുള്ള പ്രധാനപ്പെട്ട നാല് ദിവസമാണ് റാണിപുരത്ത് ട്രക്കിങ് മുടങ്ങിയത്. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നടക്കമുള്ള നിരവധി സഞ്ചാരികള്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. റാണിപുരത്തേക്ക് കയറുന്ന ടിക്കറ്റ് കൗണ്ടറിന് 400 മീറ്റർ അകലെയുള്ള പുൽമേട്ടിലാണ് ആനക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടത്.
സഞ്ചാരികൾ മുകളിലേക്ക് കയറി പോകുന്ന വഴിയാണിത്. സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ട്രക്കിങ് നിരോധിച്ചത്. ഇതുമൂലം വലിയ നഷ്‌ടമാണ് വനം വകുപ്പിന് ഉണ്ടായത്. ഏതാണ്ട് രണ്ടു ലക്ഷം രൂപയുടെ നഷ്‌ടം വന്നതായാണ് കണക്കാക്കുന്നത്.