രമേഷ് ചെന്നിത്തല മാധ്യമങ്ങളോട് (ETV Bharat) കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ട് നാലു വർഷം പൂഴ്ത്തിവച്ച് സർക്കാർ ആരെ സംരക്ഷിക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രസക്തമായ ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം പുറത്തുവിടണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന സാഹചര്യമാണുളളത്. നിരപരാധികൾ ഒഴിവാകണമെങ്കിൽ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണ്. അന്വേഷണം നടത്തി കേസ് എടുക്കുക. കേസെടുക്കുകയെന്നത് പൊലീസിൻ്റെ സാമാന്യ ഉത്തരവാദിത്വം ആണെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ എന്തുകൊണ്ട് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാരും സാംസ്‌കാരിക മന്ത്രിയും ശ്രമിക്കുന്നില്ലായെന്നു ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്.
അത് തെളിയിക്കുന്നത് വരെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിമാർ തന്നെ വ്യത്യസ്‌ത അഭിപ്രായങ്ങൾ പറയുന്നുവെന്നും കേസെടുക്കാതിരിക്കാൻ പൊലീസിന് മേൽ സമ്മർദം ഉണ്ടാവാമെന്നും ചെന്നിത്തല കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read:'സാംസ്‌കാരിക മന്ത്രിക്ക് ഇതിഹാസം ആയി തോന്നാം, അല്‍പ്പമെങ്കിലും ധാർമികത ഉണ്ടെങ്കിൽ രഞ്ജിത്തിനെ പുറത്താക്കണം': ഡോ ബിജു