തിരുവനന്തപുരം : സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. റാങ്ക് ലിസ്‌റ്റ് കാലാവധി കഴിയുന്നതിന് മുൻപുതന്നെ നിയമനം നടത്താൻ തയ്യാറാകണമെന്നാണ് ആവശ്യം.
പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുകയാണ്. കേരളത്തിലെ പൊലീസ് സേനയിലേക്ക് പോലും നിയമനം നടത്താൻ കഴിയാത്ത സാഹചര്യം എങ്ങനെ സംജാതമായി എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് കേരളം വന്നെത്തിയത് എങ്ങനെയെന്ന് പരിശോധിക്കണം.
മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ അയച്ച തുറന്ന കത്ത് ഉദ്യോഗാർഥികളുടെ പ്രശ്‌നത്തിന് നിയമനം നടത്തിക്കൊണ്ട് പരിഹാരം ഉണ്ടാക്കണം. ഏപ്രിൽ 12ന് കാലാവധി അവസാനിക്കും. റാങ്ക് ലിസ്‌റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം ഉറപ്പാക്കണം. ഉദ്യോഗാർഥികളുടെ സങ്കടത്തിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Also read : സ്റ്റേഷനുകളില്‍ കൂടുതല്‍ സിപിഒമാര്‍ വേണം; ആവശ്യവുമായി കോഴിക്കോട്, മലപ്പുറം ജില്ല പൊലീസ് മേധാവികള്‍
പൊലീസ് സ്‌റ്റേഷനുകളിൽ കൂടുതൽ സിപിഒമാർ വേണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതൽ സിപിഒമാരെ ആവശ്യമുണ്ടെന്ന് ഇരു ജില്ലകളിലെയും പൊലീസ് മേധാവിമാർ ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ അധിക അംഗബലം ആവശ്യപ്പെട്ടാണ് റിപ്പോർട്ട്. കോഴിക്കോട് റൂറലിൽ 275, കോഴിക്കോട് സിറ്റിയിൽ 157, മലപ്പുറത്ത് 414 എന്നിങ്ങനെ 846 സിപിഒമാരെയാണ് അധികമായി ആവശ്യപ്പെട്ടത്.