തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർമാർ നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ, കണ്ണൂർ, കാസർകോഡ്, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി കലക്‌ടർ വി ആർ വിനോദ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്‌ടർ അറിയിച്ചു. മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസുകളെ മാത്രം ആശ്രയിക്കാനും അടിയന്തിര ഘട്ടങ്ങളിൽ 1077 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗപ്പെടുത്താനും ജില്ല ഭരണകൂടം നിർദേശം നൽകി.
തൃശൂർ: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ല കലക്‌ടർ അറിയിച്ചു. ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് അവധി ബാധകമാണ്. അതേസമയം മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കലക്‌ടർ അറിയിച്ചു.