തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (29-07-2024) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും അറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. നാളെ (30-07-2024) ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ജൂലൈ 31-നും ആഗസ്റ്റ് ഒന്നിനും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴ ഈ പ്രദേശങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രവചനം. അതിനിടെ, ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.