കോഴിക്കോട് :ട്രെയിനിൽ അനധികൃതമായി കടത്തിയ 15.5ലക്ഷം രൂപ പിടികൂടി. ട്രെയിൻ യാത്രക്കാരനായ കോഴിക്കോട് പെരുവയൽ പൊതുകുളത്തിന് സമീപം താമസിക്കുന്ന സ്‌മിജിത്തി (46) നെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്‌റ്റ് ചെയ്‌തത്. ശനിയാഴ്‌ച (ഏപ്രിൽ 20) അർദ്ധരാത്രിയോടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ നിസാമുദ്ദീൻ എറണാകുളം പ്രതിവാര ട്രെയിനിലെ എം അഞ്ച് കോച്ചിലെ യാത്രക്കാരനായിരുന്നു സ്‌മിജിത്ത്. നിയമപരമായ ഒരു രേഖയുമില്ലാതെയാണ് ഇത്രയും പണം കൊണ്ടുവന്നത്.
പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ട്രെയിൻ മാർഗം മദ്യം, മയക്കുമരുന്ന്, പണം, സ്വർണം എന്നിവ കടത്തുന്നുണ്ടോ എന്ന് കർശന പരിശോധന നടത്തി വരുന്നതിനിടയിലാണ് ആർപിഎഫ് ഇത്രയും പണം പിടികൂടിയത്. ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ നിവിൻ പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.