പാലക്കാട്: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സാംസ്‌കാരിക മന്ത്രി നടത്തിയ പ്രസംഗം തരം താഴ്ന്ന നടപടി ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സാധാരണ രീതിയിലുള്ള പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പറയാൻ ഉത്തരവാദിത്തമുള്ള മന്ത്രി, അങ്ങേയറ്റം നിയമ വിരുദ്ധമായ പുകവലിയെക്കുറിച്ച് പറയുമ്പോഴാണ് ഈ രീതിയിലുള്ള പരാമർശം നടത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു.
ലഹരി വസ്‌തുക്കളിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കുമെന്ന് ആവർത്തിച്ച് പറയുന്ന എക്സൈസ് മന്ത്രി, സജി ചെറിയാൻ്റെ പ്രസ്‌താവനയെക്കുറിച്ച് കൃത്യമായ അഭിപ്രായം പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവാക്കൾ സ്നേഹവും സൗഹൃദവും രാഷ്ട്രീയവും പങ്കുവക്കട്ടെ. പുക പങ്കുവക്കേണ്ട. യുവാക്കളെ ലഹരിയിൽ നിന്ന് മോചിപ്പിക്കലാണ് ലക്ഷ്യമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ആവർത്തിച്ച് പറയുന്നു. അത്തരം പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാംസ്‌കാരിക മന്ത്രിയുടെ വിവാദ പരാമർശത്തോട് മന്ത്രി രാജേഷ് പ്രതികരിക്കണം. താൻ ജയിലിൽ കിടക്കുമ്പോൾ പുകവലിക്കാറുണ്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. പുകവലിക്കാനുള്ള സൗകര്യം ജയിലില്ലെന്ന് ആറ് തവണ അവിടെ കഴിഞ്ഞ തനിക്കറിയാം. വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക മന്ത്രിക്കെതിരെ കേസെടുക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.