കേരളം

kerala

ETV Bharat / state

ഇനി എംഎല്‍എമാര്‍; രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഉച്ചയ്‌ക്ക് 12 മണിക്കാണ് ചടങ്ങ്. ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്.

RAHUL MAMKOOTATHIL AND UR PRADEEP  KERALA NIYAMABHA  CONGRESS CPIM  കേരള നിയമസഭ
Rahul Mamkoottathil, UR Pradeep (Facebook)

By ETV Bharat Kerala Team

Published : 21 hours ago

തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യുആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഉച്ചയ്‌ക്ക് 12 മണിക്കാണ് ചടങ്ങ്. ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്.

ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും തകര്‍പ്പൻ വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്. എൻഡിഎയ്‌ക്ക് വിജയസാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ബിജെപി കോട്ടകളില്‍ അടക്കം കടന്നുകയറിയാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 2011 മുതൽ തുടർച്ചയായി മൂന്നുതവണ ഷാഫി പറമ്പിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഷാഫി വടകരയില്‍ നിന്നും ലോക്‌സയിലെത്തിയതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ഷാഫിക്ക് പകരക്കാരനായി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് യുഡിഎഫിന്‍റെ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. 2021ല്‍ മെട്രോമാൻ ഇ ശ്രീധരനെതിരെ 3500 വോട്ടുകള്‍ക്കാണ് ഷാഫി വിജയിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചേലക്കരയിലെ ചെങ്കോട്ട നിലനിര്‍ത്തിയാണ് യുആര്‍ പ്രദീപ് ഇത്തവണയും നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യുആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്. 12,220 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി പ്രദീപ് വിജയിച്ചത്.

2016 ല്‍ ചേലക്കരയില്‍ നിന്ന് കന്നിയങ്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രദീപ് വിജയിച്ചിരുന്നു. 2016ല്‍ കന്നിയങ്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍റെ ഭാര്യയുമായ തുളസിയെ 10,200 വോട്ടുകള്‍ക്കാണ് പ്രദീപ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2021 ല്‍ കെ രാധാകൃഷ്‌ണന് വേണ്ടി പ്രദീപ് മാറി നില്‍ക്കുകയായിരുന്നു. അതേസമയം, ഇതോടെ പതിനഞ്ചാം നിയമസഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എ ആയവരുടെ എണ്ണം നാലായി.

തൃക്കാക്കരയില്‍ എംഎല്‍എ ആയിരുന്ന പിടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസ് 2022 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭയില്‍ അംഗമായി. 2023 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇതേ നിയമസഭയില്‍ അംഗമായി

Read Also:കേരളം ഉപതെരഞ്ഞെടുപ്പ് ഫലം 2024, പാലക്കാട് യുഡിഎഫ്, ചേലക്കര എല്‍ഡിഎഫ്, വയനാട്ടില്‍ പ്രിയങ്ക തന്നെ

ABOUT THE AUTHOR

...view details