പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തിളക്കമാർന്ന വിജയം എസ്‌ഡിപിഐയുമായി ഉണ്ടാക്കിയ ധാരണ മൂലമാണെന്ന ആരോപണം പരിഹാസ്യമാണെന്ന് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയമായി ചിന്തിക്കുന്ന ആരുടേയും വോട്ട് വേണ്ടെന്ന് താനും യുഡിഎഫ് നേതാക്കളും തുടക്കം മുതല്‍ പറയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് നഗരത്തിൻ്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയം മാറ്റി വച്ച് നഗരസഭ ഭരണ സമിതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എസ്‌ഡിപിഐ പ്രകടനം നടത്തിയത് യുഡിഎഫിൻ്റെ അറിവോടെയല്ല. ഒരു സ്വതന്ത്ര സംഘടന സ്വന്തം ഇഷ്‌ട പ്രകാരം പ്രകടനം നടത്തിയാൽ എങ്ങനെയാണ് യുഡിഎഫിന് ഉത്തരവാദിത്വം ഏറ്റെടുക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസും എസ്‌ഡിപിഐയും സംയുക്ത പ്രകടനം നടത്തിയെന്ന് നുണപ്രചരണം നടത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. ചില മാധ്യമങ്ങളും അങ്ങനെ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഒരു വർഗീയ വാദിയുടേയും വോട്ട് വേണ്ട എന്ന് തങ്ങൾ തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന പലരും തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. നേരത്തേ ബിജെപിക്ക് വോട്ട് ചെയ്‌തിരുന്നവരും സിപിഎമ്മിന് വോട്ട് ചെയ്‌തിരുന്നവരും അതിൽ ഉൾപ്പെടുന്നു.