കേരളം

kerala

ETV Bharat / state

മാധവന്‍റെ അന്ത്യയാത്രയ്ക്ക് പറന്നെത്തി രാഹുല്‍ ഗാന്ധി; വിടവാങ്ങിയത് 10 ജന്‍പഥിന്‍റെ വിശ്വസ്‌തന്‍ - CONGRESS LEADER PP MADHAVAN HOMAGE

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന പി പി മാധവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഒല്ലൂരിലെ വീട്ടിലെത്തി.

CONGRESS LEADER PP MADHAVAN  RAHUL GANDHI  കോൺഗ്രസ് നേതാവ് പി പി മാധവന്‍  രാഹുല്‍ ഗാന്ധി
Rahul Gandhi pays tribute Congress leader PP Madhavan (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

തൃശൂര്‍:തിങ്കളാഴ്ച രാത്രി പത്തുമണിയോടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നെടുമ്പാശേരിയില്‍ പറന്നിറങ്ങി.നേരെ കാറില്‍ തൃശൂരിലേക്ക്. ഒല്ലൂരില്‍ ഹോട്ടലില്‍ തങ്ങിയ ശേഷം അതിരാവിലെതന്നെ ഒല്ലൂരിലെ തൈക്കാട്ടുശേരിയിലേക്ക്. അവിടെ അദ്ദേഹത്തിന് പങ്കെടുക്കേണ്ടിയിരുന്നത് ഒരു ശവസംസ്‌കാരച്ചടങ്ങിലായിരുന്നു. അര നൂറ്റാണ്ടു കാലം തന്‍റെ കുടുംബത്തിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനായി കൂടെയുണ്ടായിരുന്ന അത്രമേല്‍ പ്രിയപ്പെട്ട മാധവന്‍ജിയുടെ സംസ്‌കാരച്ചടങ്ങ്.

നമ്പര്‍ 10 ജന്‍പഥന്‍റെ വിശ്വസ്‌തന്‍

നമ്പര്‍ 10 ജന്‍പഥിലെ സന്ദര്‍ശകര്‍ക്കും നേതാക്കള്‍ക്കും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു മാധവന്‍റേത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമല്ല വളര്‍ന്നു വരുന്ന യുവ നേതാക്കള്‍ക്കും മാര്‍ഗദര്‍ശനമേകി സഹായങ്ങളും ഉപദേശങ്ങളുമായി ഡല്‍ഹിയില്‍ മാധവനുണ്ടായിരുന്നു. വലിപ്പച്ചെറുപ്പം നോക്കാതെ 10 ജന്‍പഥിലേക്കെത്തുന്ന സന്ദര്‍ശകരെ സ്വീകരിച്ച ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്ഥനായ പ്രൈവറ്റ് സെക്രട്ടറി.

File: PP Madhavan (ETV Bharat)

ഒല്ലൂരില്‍ നിന്ന് ഡല്‍ഹിക്ക്

തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ പിപി മാധവന്‍ ജീവിതത്തിലെ ഏറിയ കാലവും ഡല്‍ഹിയിലായിരുന്നു. ചെറുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമായ മാധവന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ നീക്കങ്ങളും അധികാരച്ചരടു വലികളും ഏറെക്കണ്ടയാളാണ്. 1984ല്‍ വിന്‍സെന്‍റ് ജോര്‍ജ് എന്ന കരുത്തനായ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഗാന്ധിയുടെ സഹായിയായി എത്തുന്നു.

1991 ല്‍ രാജീവിന്‍റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം സോണിയയുടെ സെക്രട്ടറിയായി തുടര്‍ന്നു. ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലെ കരുത്തനായിരുന്ന വിന്‍സെന്‍റ് ജോര്‍ജിനെ പിന്തുടര്‍ന്നാണ് മാധവന്‍ സോണിയയുടെ സെക്രട്ടറിയായി എത്തിയത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലൊരു നിര്‍ണായക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെടുന്ന ദിവസം. സര്‍ക്കാരിനെതിരായ ആക്രമണം സഭയ്ക്കകത്ത് പ്രതിപക്ഷം കത്തിച്ചു നിര്‍ത്തുന്ന വേള. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന്‍റെ സാന്നിധ്യം ഡല്‍ഹിയില്‍ അനിവാര്യമായ ദിനം. എന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് പിപി മാധവന്‍റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് രാഹുല്‍ ഗാന്ധി എത്തിയതു തന്നെ ഗാന്ധി കുടുംബത്തിന് ഈ ഒല്ലൂരുകാരനുമായുള്ള ഹൃദയ ബന്ധത്തിന്‍റെ സൂചനയായി.

ഒല്ലൂരിലെ പിപി മാധവന്‍റെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി 45 മിനുട്ടോളം അവിടെ ചെലവഴിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. മാധവന്‍റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ദീര്‍ഘകാലം ഗാന്ധി കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മാധവൻ സോണിയാ ഗാന്ധിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കോൺഗ്രസ് നേതാവ് പി പി മാധവൻ്റെ മൃതദേഹത്തിൽ രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു (ETV Bharat)

കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാരനായി ഡല്‍ഹി ജീവിതം ആരംഭിച്ച മാധവന്‍ ഇന്ത്യന്‍ ഇന്‍റലിജന്‍സില്‍ ജോലി ചെയ്‌തിരുന്ന സഹോദരന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഒഴിവുണ്ടെന്ന് അറിയുന്നത്. പിന്നീട് സാക്ഷാല്‍ ഇന്ദിരാ ഗാന്ധിക്ക് മുന്നിലേക്ക്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തിന്‍റെ അഭിമുഖം നടത്തിയത്. 'ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം' എന്നാണ് അഭിമുഖത്തിന് ശേഷം മാധവനെ കുറിച്ച് ഇന്ദിരാ ഗാന്ധി ഫയലില്‍ കുറിച്ചത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജീവ് ഗാന്ധിയുടെ നിഴലായും പിപി മാധവന്‍ കൂടെയുണ്ടായിരുന്നു. പിന്നീട് സോണിയാ ഗാന്ധിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ രാത്രി തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ എത്തിയ രാഹുൽ ഗാന്ധി അവിടെ നിന്നും ഇന്ന് രാവിലെ റോഡ് മാർഗമാണ് ഒല്ലൂരിലെ വീട്ടിലെത്തിയത്.

രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ , കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രവര്‍ത്തക സമിതിയംഗം രമേഷ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വി എം സുധീരൻ തുടങ്ങിയവരും എത്തി. മന്ത്രി കെ രാജനും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മാധവൻ അന്തരിച്ചത്.

Also Read: 'സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്‍റെ കത്തുകള്‍ തിരികെ വേണം'; ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത്

ABOUT THE AUTHOR

...view details