കേരളം

kerala

ETV Bharat / state

സ്ഥാപന ഉടമയുടെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം ക്യൂ ആർ കോഡ് സ്ഥാപിച്ചു; ജീവനക്കാരൻ തട്ടിയെടുത്തത് 14 ലക്ഷത്തോളം രൂപ - QR CODE FRAUD PATHANAMTHITTA

സ്‌റ്റോക്കിലും തിരിമറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

FINANCIAL FRAUD PATHANAMTHITTA  WORKER DECEIVES OWNERS MONEY ADOOR  CRIME NEWS  LATEST MALAYALAM NEWS
ജിൻസ് പ്രകാശ് (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 10:30 AM IST

പത്തനംതിട്ട: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സ്ഥാപന ഉടമയുടെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം ബാങ്ക് അക്കൗണ്ടൻ്റ് ക്യൂ ആർ കോഡ് വച്ച് ജീവനക്കാരൻ 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. റാന്നി കുടമുരുട്ടി സ്വദേശി ജിൻസ് പ്രകാശ് (40) ആണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അടൂർ സ്വദേശി മിനു വിശ്വനാഥൻ അടൂർ ജോസി പ്ലാസയിൽ നടത്തിവരുന്ന ഈബിഓ എന്ന സ്ഥാപനത്തിലെ സ്‌റ്റോർ മാനേജരായി ജോലി ചെയ്‌ത് വരികയായിരുന്നു ജിൻസ് പ്രകാശ്. 2022 ഒക്ടോബർ മുതൽ ഈ വർഷം ആഗസ്‌റ്റ് വരെ 14 ലക്ഷത്തോളം രൂപയാണ് ഇയാള്‍ സ്ഥാപന ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തത്.

ഉടമ സ്ഥാപിച്ച ബാങ്ക് ഓഫ് ഇന്ത്യയുടെ അകൗണ്ടിൻ്റെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം അകൗണ്ടിൻ്റെ ക്യൂ ആർ കോഡ് വച്ച് കച്ചവടത്തിൽ നിന്ന് ലഭിച്ച 6,51,130 രൂപ ഇയാൾ തട്ടിയെടുത്തു. ഇതിന് പുറമെ സ്‌റ്റോക്കിൽ തിരിമറി നടത്തി തുണിത്തരങ്ങൾ വിറ്റഴിച്ച് 7,45,113 രൂപയും തട്ടിയെടുത്തു. ഇങ്ങനെ ആകെ 13,96, 243 രൂപയാണ് പ്രതി സ്ഥാപനത്തിൽ നിന്നും അപഹരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തട്ടിപ്പ് മനസിലായ സ്ഥാപന ഉടമ ഈ വർഷം ആഗസ്‌റ്റ് 14 നാണ് അടൂർ പൊലീസിൽ പരാതി നൽകിയത്. ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ സ്‌റ്റോക്ക് വിവരങ്ങളും പ്രതിയുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും പരിശോധിച്ചതോടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായി.

പിന്നീട് ജില്ലാ പൊലീസ് മേധാവി വിജി വിനോദ്‌ കുമാറിൻ്റെ നിർദേശപ്രകാരം, സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തി. മുവാറ്റുപുഴയിലെ ഒരു ബാറിൽ ജോലി ചെയ്‌ത് വരികയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പുലർച്ചെ ബാറിന് സമീപത്തുള്ള താമസസ്ഥലത്തു നിന്നും പൊലീസ് പിടികൂടി.

തുടർന്ന് അടൂർ സ്‌റ്റേഷനിലെത്തിച്ച പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു. അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ശൃം മുരളിയുടെ നേതൃത്വത്തിൽ, എസ്ഐ മാരായ ബാലസുബ്രഹ്മണ്യൻ, രഘുനാഥൻ, സുരേഷ്‌ കുമാർ, എസ്‌സിപിഓ ശ്യാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Also Read:ഒഴുകി വന്നത് രണ്ടരലക്ഷത്തോളം രൂപ, എല്ലാം അഞ്ഞൂറിന്‍റെ നോട്ടുകള്‍!-വീഡിയോ

ABOUT THE AUTHOR

...view details