കണ്ണൂർ :കാർഗിൽ വിജയം ഓരോ ഇന്ത്യക്കരനെയും എന്നും അഭിമാനവും ആവേശവും കൊള്ളിക്കുന്ന ഓർമയാണ്. എങ്കിലും മാതൃരാജ്യത്തിന്‍റെ നിലനിൽപ്പിനായി വീരമൃത്യു വരിച്ച ധീരജവാൻമാരുടെ ഓർമകൾ നമ്മളെ കണ്ണീരണിയിക്കുന്നു. കാർഗിൽ വിജയ ദിവസത്തിന്‍റെ ആവേശം വീണ്ടും എത്തുമ്പോൾ യുദ്ധത്തിന്‍റെ ഓർമകൾ പങ്കുവയ്‌ക്കുകയാണ് 46 വയസുകാരനായ കടന്നപ്പള്ളിയിലെ പി വി ശരത്ചന്ദ്രൻ.
ഇന്ത്യക്കു വേണ്ടി യുദ്ധത്തിൽ പങ്കെടുത്ത് ഗുരുതരമായി പരിക്കേറ്റ ശരത് ഇന്നും വീൽ ചെയറിൽ ആണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. 1998 ഹൈദരാബാദിൽ ആർട്ടിലറിയിൽ ജോയിൻ ചെയ്‌ത ശരത്ചന്ദ്രൻ ട്രെയിനിങ് കഴിഞ്ഞ് നേരെ എത്തിയത് ഉറിയിലേക്ക് ആയിരുന്നു. ഡ്യൂട്ടിക്കിടയിൽ തിരിച്ചു വരുമ്പോൾ പാകിസ്ഥാനിൽ നിന്ന് ഉള്ള ഷെൽ ശരത് ചന്ദ്രൻ ഉൾപ്പടെ അഞ്ചംഗം സഞ്ചരിച്ച ആർട്ടിലറി ഗൺ ഉൾപ്പെട്ട വാഹനത്തിൽ പതിക്കുകയായിരുന്നു. തുടർന്ന് വണ്ടി നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയും ചെയ്‌തു.
സംഘത്തിൽ അന്ന് എല്ലാവർക്കും പരിക്കേറ്റെങ്കിലും ശരത്ചന്ദ്രന്‍റെ പരിക്ക് ഗുരുതരമായിരുന്നു. ഒരു മാസം ശ്രീനഗറിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സ. തുടർന്ന് 8 മാസം ചണ്ഡിഗഡിൽ. ഒരു വർഷത്തിനിപ്പുറം നാട്ടിൽ എത്തുമ്പോഴേക്കും ശരീരത്തിന്‍റെ അവസ്ഥ അരയ്‌ക്ക് താഴെ തളർന്ന നിലയിൽ ആയിരുന്നു. സുഷുംന നാഡിക്ക് പരിക്കേറ്റതാണ് പ്രധാന കാരണം. വർഷങ്ങൾക്കിപ്പുറവും പല ചികിത്സകളും തേടുന്നുണ്ടെങ്കിലും ഇന്നും വീൽ ചെയറിൽ തന്നെ ആണ് ജീവിതം.