കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന വിവാദ പ്രസ്‌താവന മയപ്പെടുത്തി പിവി അന്‍വര്‍. ഗാന്ധി കുടുംബത്തോട് എന്നും ബഹുമാനമെന്ന് അൻവർ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ഇടതു മുന്നണിയ്ക്കായി വോട്ട് ചോദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന വിവാദ പരാമര്‍ശം അന്‍വര്‍ നടത്തിയത്. ഗാന്ധി എന്ന പേര് ചേർത്ത വിളിക്കാൻ അർഹതയില്ലാത്ത നാലാം കിട പൗരനാണ് രാഹുൽ എന്നും അൻവർ പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു.
എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച അൻവർ കോണ്‍ഗ്രസിലേക്ക് റൂട്ട് ക്ലിയറാക്കുന്നതിന്‍റെ സൂചനകളാണിതെന്നാണ് ചില റിപോർട്ടുകൾ വിലയിരുത്തുന്നത്. മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ കണ്ണുമടച്ചു വിമർശന ശരങ്ങൾ എറിയുമ്പോഴാണ് 'രാഹുൽ വിമർശനത്തെ' അൻവർ മയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ശ്രദ്ധേയമാണ്. കോൺഗ്രസിലേക്കൊരു തിരിച്ച് പോക്ക് അൻവർ മുന്നിൽ കാണുകയാണെങ്കിൽ തിരിച്ചടിക്കാൻ സാധ്യതയുള്ള ഒന്നാണ് രാഹുൽ ഗാന്ധിക്കെതിരായ ഈ പരാമർശം. ഈ വിമര്‍ശനത്തില്‍ മാപ്പു പറഞ്ഞ് വിവാദം ഒഴിവാക്കി വലതു പക്ഷത്തേക്ക് ചായാനാണ് അന്‍വറിന്‍റെ നീക്കമെന്നും നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും