എറണാകുളം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് പ്രതിക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും ഓഫിസിനും എതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും എഡിജിപിയെയും നിലനിർത്തിയാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണം നടത്തുന്നത് ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. എസ്‌പിക്കെതിരെ അന്വേഷണം നടത്തേണ്ടത് എസ്ഐ ആണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോപണ വിധേയരായ ഉപജാപക സംഘത്തിൻ്റെ ചൊൽപ്പടിക്ക് നിൽക്കുകയാണ് പിണറായി. ഉപജാപക സംഘം എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പത്തനംതിട്ട എസ്‌പിയും എംഎൽഎയും നടത്തിയ ഫോൺ സംഭാഷണം കേരളത്തെ ഞെട്ടിച്ചു. എന്ത് പൊലീസാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അൻവർ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് നേരെയാണ്. അൻവറിന് പിന്നിൽ സിപിഎമ്മിൻ്റെ ഒരു വിഭാഗമാണ്. പിണറായി വിജയൻ പേടിച്ച് നിൽക്കുകയാണ്. പൊലീസ് തലയിൽ പുതപ്പ് ഇട്ട് നടക്കേണ്ട അവസ്ഥയായി.