കാസര്‍കോട്:ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ അമ്മമാര്‍ക്കായി കേരള വനിത കമ്മിഷന്‍ ഈ മാസം പബ്ലിക് ഹിയറിങ് നടത്തുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ.പി കുഞ്ഞായിഷ പറഞ്ഞു. 14 ജില്ലകളുടെയും പ്രത്യേകതകള്‍ കണ്ടെത്തി വ്യത്യസ്‌ത മേഖലകളില്‍ ഹിയറിങ് നടത്തുന്നതിന്‍റെ ഭാഗമായാണ് ഇത്. ആസൂത്രണ സമിതി ഹാളില്‍ നടന്ന കമ്മിഷന്‍റെ ജില്ല സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞായിഷ.
കുടുംബ ബന്ധങ്ങളിലെ നിസാര പ്രശ്‌നങ്ങള്‍ പോലും സങ്കീര്‍ണമാക്കുന്ന പ്രവണത കമ്മിഷന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം സംബന്ധിച്ച വിഷയം ഇന്ന് സിറ്റിങ്ങില്‍ പരിഗണിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ ചെറിയ അഭിപ്രായ ഭിന്നതകളുണ്ടായാൽ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമായി പ്രശ്‌നങ്ങളെ കാണുന്ന പ്രവണത വർധിക്കുന്നു. ഇത് കുടുംബ പ്രശ്‌നങ്ങൾ സങ്കീർണമാകാൻ കാരണമാകുന്നുവെന്ന് കമ്മിഷൻ അംഗം പറഞ്ഞു.