ശ്യാംജിത്തിന് ജീവപര്യന്തം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂട്ടർ (Source : Etv Bharat Reporter) കണ്ണൂർ :പാനൂർ വിഷ്‌ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിൽ സന്തോഷം ഉണ്ടെന്ന് പ്രോസിക്യൂട്ടർ കെ അജിത്. കൊലപാതക കുറ്റത്തിനാണ് ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു.
ശ്യാംജിത്ത് 2 ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്‌തി കരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ കെ അജിത്ത് പ്രതികരിച്ചു. അതേസമയം വിധി കേൾക്കാനായി വിഷ്‌ണുപ്രിയയുടെ സഹോദരിമാരും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. വിധി സ്വാഗതം ചെയ്യുന്നതായി വിഷ്‌ണുപ്രിയയുടെ വല്ല്യച്ഛൻ വിജയൻ പറഞ്ഞു.
വധ ശിക്ഷയായിരുന്നു ആഗ്രഹിച്ചത്. അത് തീരുമാനിക്കേണ്ടത് കോടതിയായിരുന്നു. കോടതിയുടെ തീരുമാനത്തെ അംഗികരിക്കുന്നു. ഒരു പരിധിവരെ നീതി കിട്ടിയതായും വിഷ്‌ണുപ്രിയയുടെ വല്ല്യച്ഛൻ വിജയൻ പറഞ്ഞു.
ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയ നൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്‌ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
വിഷ്‌ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകളാണ് ഉണ്ടായിരുന്നത്. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്‍റെയും പാനൂരിൽ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്‌ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Also Read :വിഷ്‌ണുപ്രിയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവ് ; 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും - VISHNUPRIYA MURDER CASE JUDGEMENT