ന്യൂഡൽഹി:വയനാട്ടില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് (നവംബര്‍ 28) ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യും. നിലവിൽ പാർലമെന്‍റംഗത്വമുള്ള ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് പ്രിയങ്ക ഗാന്ധി.
കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) സത്യൻ മൊകേരിയെ പരാജയപ്പെടുത്തി 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് നേടിയത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് പ്രിയങ്കയുടെ വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി. സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് തനിക്ക് ലഭിച്ച വിജയ സര്‍ട്ടിഫിക്കറ്റ് എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'വയനാട്ടിൽ നിന്നുള്ള എന്‍റെ സഹപ്രവർത്തകർ എന്‍റെ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കൊണ്ടുവന്നു. എനിക്ക് ഇത് വെറുമൊരു രേഖയല്ല. ഇത് നിങ്ങളുടെ സ്നേഹത്തിന്‍റേയും വിശ്വാസത്തിന്‍റേയും ഞങ്ങൾ പ്രതിജ്ഞാബദ്ധരായ മൂല്യങ്ങളുടെയും പ്രതീകമാണ്. എന്നെ തെരഞ്ഞെടുത്തതിന് വയനാടിന് നന്ദി. നിങ്ങൾക്കായി ഒരു നല്ല ഭാവി കെട്ടിപ്പടുക്കാൻ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും'- പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് നേതാവായ രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യും. നന്ദേഡ് ലോക്‌സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രവീന്ദ്ര വസന്തറാവു ചവാൻ 5,86,788 വോട്ടുകൾക്കാണ് വിജയിച്ചത്. സിറ്റിങ് കോൺഗ്രസ് എംപിയായിരുന്ന വസന്തറാവു ബൽവന്ത്രറാവു ചവാന്‍റെ മരണത്തെ തുടർന്നാണ് ഈ സീറ്റ് ഒഴിവുവന്നത്.