കല്‍പറ്റ:പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. അന്തരിച്ച ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കാണും.
രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകും. പന്ത്രണ്ടേകാലോടെയാവും രാധയുടെ വീട് സന്ദർശിക്കുക. ശേഷം ഒന്നേ മുക്കാലോടെ എൻഎം വിജയൻ്റെ വീട്ടിൽ കുടുംബാംഗങ്ങളെ കാണും.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
കൽപ്പറ്റയിൽ കലക്‌ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് യുഡിഎഫ് മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ ഡൽഹിക്ക് പോകും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യുഡിഎഫ് മലയോര ജാഥ നയിക്കുന്നത്.
മലയോര ജനതയെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം കാണുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര - സംസ്ഥാന സർക്കാറുകള്‍ക്കെതിരെ യുഡിഫ് മലയോര ജാഥ.
അതേസമയം പഞ്ചാരക്കൊല്ലിയില്‍ രാധയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ജനുവരി 24-നാണ് വനംവകുപ്പ് താത്കാലിക വനം വാച്ചറായ അപ്പച്ചൻ്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. കാപ്പി പറിക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം.
Also Read: 'കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്തും'; ഇതിനായി നിയമനിർമാണം നടത്തുമെന്ന് രാഹുൽ ഗാന്ധി - RAHUL GANDHI ON RESERVATION