കോഴിക്കോട് : മാവൂരിൽ മിന്നൽ പണിമുടക്കി സ്വകാര്യ ബസുകൾ. മാവൂരിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന 150ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കിയത്. സ്വകാര്യ ബസിലെ ജീവനക്കാരനെ മർദിച്ചതാണ് പണിമുടക്കാനുള്ള കാരണം.
ഇന്നലെ (നവംബർ 20) രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും കൊടിയത്തൂരിലേക്ക് പോകുകയായിരുന്ന സജ്‌ന എന്ന സ്വകാര്യ ബസ് തെങ്ങിലക്കടവിൽ റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ ഇതുവഴി ബൈക്കിൽ വരികയായിരുന്ന രണ്ട് പേർ ഇത് ചോദ്യം ചെയ്‌തു. ഇത് പിന്നീട് വാക്കേറ്റത്തിന് ഇടയാക്കി. രാത്രി ബൈക്കിലെത്തിയ ഇവർ ബസിൽ കയറി ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു.
ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് മാവൂരിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനിടയിൽ ബൈക്കിൽ എത്തിയ മറ്റൊരു സംഘം ബസ് തടയുകയും ജീവനക്കാരുമായി ആദ്യം വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും നടത്തി. ഒരു മണിക്കൂറിലേറെ മാവൂർ കോഴിക്കോട് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇതിന് പിന്നാലെയാണ് മിന്നൽ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിച്ചത്.
ഇതോടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ വലഞ്ഞു. മിക്ക യാത്രക്കാരും ബസ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എത്തിയപ്പോഴാണ് ബസ് സമരത്തിൻ്റെ വിവരം അറിയുന്നത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ദുരിതത്തിലായി. മാവൂർ വഴി പോകുന്ന കുന്ദമംഗലം, കൊടുവള്ളി, മുക്കം, താമരശ്ശേരി, പെരുമണ്ണ, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളും സർവീസ് നിർത്തിവച്ചു.
പരിമിതമായ കെഎസ്ആർടിസി ബസുകൾ മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ ബസുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്. ഇതാണ് യാത്ര ദുരിതം രൂക്ഷമാക്കാൻ കാരണമായത്. ബസ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ബസ് ജീവനക്കാർ മർദിച്ചുവെന്ന് തെങ്ങിലക്കടവ് സ്വദേശികളുടെ പരാതിയിലും മാവൂർ പൊലീസ് ബസ് ജീവനക്കാർക്കെതിരെയും കേസെടുത്തു.
Also Read:അനുമതിയില്ലാതെ കടലിൽ സിനിമ ഷൂട്ടിങ്; ചെല്ലാനത്ത് രണ്ട് ബോട്ടുകൾ പിടിച്ചെടുത്ത് കോസ്‌റ്റൽ പൊലീസ്